ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയാണ് ഏക വ്യക്തിയും നമ്പർ വണ്ണുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ ഉടനെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തെ താൻ പ്രേരിപ്പിക്കുമെന്നും ഖുർഷിദ് പറഞ്ഞു. പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17-ന് നടത്തുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൽമാൻ ഖുർഷിദ്. താൻ സംസാരിച്ചിട്ടുള്ള എല്ലാവരിൽ നിന്നും ലഭിക്കുന്ന ഉത്തരം പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ രാഹുലാണ് നമ്പർ വൺ എന്നാണ്. അതിനപ്പുറം ഒരു സംഭാഷണവും തങ്ങൾ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഉടൻ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് തങ്ങൾ ആവശ്യപ്പെടും. എന്നാൽ അഭ്യർത്ഥന രാഹുൽ ഗാന്ധി സ്വീകരിക്കുമോ എന്ന് തങ്ങൾക്ക് അറിയില്ല എന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്നും പാർട്ടിയെ ഐക്യപ്പെടുത്താനും ശക്തിപ്പെടുത്താനും രാഹുലിന് മാത്രമേ കഴിയൂ എന്നും മല്ലികാർജ്ജുൻ ഖാർഗെയും അഭിപ്രായപ്പെട്ടിരുന്നു.
















Comments