ന്യൂഡൽഹി: വനിതകൾ ഉൾപ്പെടെയുളള സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻ ധൻ യോജന ഒൻപതാം വർഷത്തിലേക്ക്. 2014 ആഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിക്ക് തുടക്കം കുറിച്ചത്.
46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്ന് 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആരംഭിച്ചതിലൂടെ 67% ഗ്രാമീണ, അർദ്ധ നഗര മേഖലകളിലേക്ക് പദ്ധതി വ്യാപിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിശദമാക്കി. ജൻധൻ അക്കൗണ്ട് ഉടമകളിൽ 56% വനിതകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉൾച്ചേർക്കൽ സംരംഭങ്ങളിലൊന്നാണ് പ്രധാനമന്ത്രി ജൻ ധൻ യോജനയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് പറഞ്ഞു. ദരിദ്രർക്ക് അവരുടെ സമ്പാദ്യം ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് ഉൾക്കൊള്ളിക്കുന്നതിനും, പലിശക്കാരായ പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിതരാകുന്നതിനും കുടുംബത്തിലേക്ക് പണം അയച്ച് നൽകുന്നതിനുള്ള മാർഗ്ഗവും തുറന്നു നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത എല്ലാവരിലും ഉറപ്പാക്കുന്നതിനായി ആരംഭിച്ച ദേശീയ ദൗത്യമാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ). ബാങ്കിംഗ് / സേവിംഗ്സ് & ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, പണമടയ്ക്കൽ, വായ്പ, ഇൻഷുറൻസ്, പെൻഷൻ എന്നിവ താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുന്നു.
ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാതിരുന്ന ജനവിഭാഗങ്ങളെ ബാങ്കിംഗ് സേവനങ്ങളുമായി ബന്ധിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആയിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ. അതിന്ന് യാഥാർത്ഥ്യമായിരിക്കുന്നതാണ് കാണുന്നത്. ഗ്രാമീണ മേഖലകളിൽ പോലും സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നേരിട്ട് ജനങ്ങളിലെത്തിക്കാൻ ജൻ ധൻ അക്കൗണ്ടുകൾ വലിയ പങ്കാണ് വഹിക്കുന്നത്. സീറോ ബാലൻസും സീറോ ചാർജ്ജുമാണ് ജൻ ധൻ അക്കൗണ്ടുകളുടെ പ്രത്യേകത.
രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് കൂടിയാണ് ജൻ ധൻ യോജന വഴിയൊരുക്കിയത്.
Comments