തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി ലത്തീൻ അതിരൂപത. തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകും. വിഴിഞ്ഞം തുറമുഖ നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണ് എന്നാണ് ലത്തീൻ അതിരൂപതയുടെ വാദം. സമരം കാരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്ന് അദാനിയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ദേശീയ പ്രാധാന്യമുള്ള പദ്ധതി മുടങ്ങിയിരിക്കുകയാണെന്നുമാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരിക്കുന്നത്.
അദാനി ഗ്രൂപ്പ് നൽകിയ ഹർജി തിങ്കളാഴ്ച(ഓഗസ്റ്റ് 29) കോടതി പരിഗണിക്കാനിരിക്കെയാണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നത്. സമരത്തെ തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരസമതി യോഗവും ചേർന്നിരുന്നു. വിഴിഞ്ഞത്തു നടക്കുന്നത് അതിജീവന സമരമാണെന്നും മുന്നോട്ട് കൊണ്ടു പോകുമെന്നുമാണ് ലത്തീൻ അതിരൂപതയുടെ ന്യായം.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം ഉയരുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്ന പേരിൽ നടക്കുന്ന സമരം വിഴിഞ്ഞം തുറമുഖം പദ്ധതിയെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനാണെന്നാണ് ആരോപണം. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികൾക്ക് ആണി അടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. വിഴിഞ്ഞത്ത് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു.
Comments