ന്യൂഡൽഹി : ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യ. ഇത്തരത്തില്‍ 780 പ്രതിരോധ സംവിധാനങ്ങളുടെ പട്ടിക രാജ്യം തയ്യാറാക്കിക്കഴിഞ്ഞു. 2023 നും 2028 നുമിടയിൽ ഇവ ഘട്ടം ഘട്ടമായി ഇറക്കുമതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
തദ്ദേശീയവത്ക്കരണത്തിന്റെ ഭാഗമായി ഫൈറ്റർ പ്ലെയിൻ, ട്രെയ്‌നർ എയർക്രാഫ്റ്റ്, ഹെലികോപ്റ്റർ, സബ്മറൈൻ, ടാങ്ക് എന്നിവയിലെല്ലാം ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതിയാണ് നിർത്തലാക്കുക. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇറക്കുമതി കുറയ്‌ക്കുന്നതിനും പ്രതിരോധ ഉത്പാദന മേഖലയിൽ സ്വാശ്രയത്വം കെെവരിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഏറ്റവും പുതിയ പട്ടിക പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇത് മൂന്നാം തവണയാണ് രാജ്യത്തേക്കുള്ള ഇറക്കുമതി കേന്ദ്രം നിരോധിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 2500 ഓളം പ്രതിരോധ സംവിധാനങ്ങളുടെ ഇറക്കുമതി റദ്ദാക്കാൻ കേന്ദ്രം ഉത്തരവിട്ടിരുന്നു. പ്രതിരോധ സംവിധാനങ്ങളുടെ തദ്ദേശീയമായ വികസനം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും. ഇത് ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ നേതാവായി ഉയർത്തും.
സുഖോയ്-30, ജാഗ്വാർ യുദ്ധവിമാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ, ഡോർണിയർ-228 വിമാനങ്ങൾ, അന്തർവാഹിനികൾക്കുള്ള സംവിധാനങ്ങൾ, ടി-90, അർജുൻ ടാങ്കുകൾ എന്നിവയ്‌ക്കായിൽ ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങളാകും രാജ്യം നിർമ്മിക്കുക.
ഭാരം കുറഞ്ഞ ടാങ്കുകൾ, നാവിക യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, പീരങ്കി തോക്കുകൾ, മിസൈലുകൾ, ഡിസ്‌ട്രോയറുകൾ, കപ്പൽ വാഹക ക്രൂയിസ് മിസൈലുകൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ എന്നിവയുൾപ്പെടെ 310 വ്യത്യസ്ത തരം ആയുധങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഘട്ടം ഘട്ടമായുള്ള ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്ന പട്ടികകൾ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments