നടൻ സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവെച്ച് സംവിധായകൻ സമദ് മങ്കട. സുരേഷ് ഗോപിയുടെ അടുത്ത് കിച്ചാമണി എംബിബിഎസ് എന്ന ചിത്രത്തിന്റെ കഥ പറയാൻ പോയപ്പോഴുണ്ടായ സംഭവമാണ് സംവിധായകൻ പറഞ്ഞത്.
തന്റെ അടുത്ത ചിത്രം സുരേഷ് ഏട്ടനെ വെച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം, എന്നാൽ അദ്ദേഹമതിന് തയ്യാറാകുമോ എന്നറിയില്ല. സുരേഷ് ഗോപിയുടെ പാറ്റേണിലുള്ള സിനിമയായിരുന്നില്ല അത്. അതുകൊണ്ട് തന്നെ കൊച്ചിൻ ഹനീഫിക്കയെക്കൊണ്ട് പറയിപ്പിക്കാമെന്ന് കരുതി. അങ്ങനെ ഹനീഫിക്കയും താനും സലീം ഹിൽടോപ്പും ചേർന്ന് സുരേഷ് ഗോപിയെ കാണാൻ പോയെന്ന് സമദ് മങ്കട പറഞ്ഞു.
തന്നെ സുരേഷേട്ടന് പരിചയപ്പെടുത്തിക്കൊടുത്ത ഹനീഫിക്ക സമദിന്റെ കൈയ്യിൽ ഒരു കഥയുണ്ടെന്നും പറഞ്ഞു. അങ്ങനെ അത് കേൾക്കാന് സുരേഷ് ഏട്ടൻ തയ്യാറായി. കഥ തുടങ്ങി.. അതിനിടെ അദ്ദേഹം നോമ്പ് ഉണ്ടോ എന്ന് ചോദിച്ചു. റംസാൻ നോമ്പിന്റെ സമയമായിരുന്നു അത്. ഉണ്ടെന്ന് പറഞ്ഞു. പിന്നാലെ കഥ കേൾക്കുന്നത് നിർത്തിയിട്ട് അദ്ദേഹം എഴുന്നേറ്റ് പോയി, ആരെയോ ഫോണിൽ വിളിക്കാനായിരുന്നു.
കഥ പറഞ്ഞ് ഏതാണ്ട് നോമ്പ് തുറക്കാനുള്ള സമയമായിരുന്നു. അപ്പോൾ ഞങ്ങളുടെ മുന്നിലേക്ക് ജ്യൂസും പഴങ്ങളുമെല്ലാം എത്തി. നേരത്തെ അദ്ദേഹം എഴുന്നേറ്റ് പോയി ഫോൺ വിളിച്ചത് ഇതെല്ലാം എത്തിക്കാനായിരുന്നു.
കഥ പറഞ്ഞ ശേഷം എന്താകും തീരുമാനം എന്നറിയാനായി കാത്തു നിന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മറ്റ് താരങ്ങൾ ആരൊക്കെയാണെന്നും മറ്റും ചർച്ച ചെയ്തു. ക്യാമറ സുകുമാർ ചെയ്യണമെന്ന നിർദ്ദേശം മാത്രമേ സുരേഷേട്ടന് ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങളുടെ ടീമിനെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്നും സംവിധായകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Comments