ചൈനയെ നേരിടാൻ ഇന്ത്യ അമേരിക്കയുടെ നിർണ്ണായക പങ്കാളിയാകും. രാജ്യാതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനകരമായ സംഭവങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കാൻ സാധിക്കില്ല. പലയിടങ്ങളിലായി ഇപ്പോഴും ചൈന ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീർത്തിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ചീഫ് ഓഫ് ഓപ്പറേഷൻ അഡ്മിറൽ മൈക്ക് ഗിൽഡേ പറഞ്ഞു.
ഇന്ത്യ – ചൈന അതിർത്തികളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ താൽപര്യപ്പെടുന്ന രാജ്യമാണ് അമേരിക്ക. ഭാവിയിൽ ഇന്ത്യയുമായി ചേർന്ന് നിന്ന് കൊണ്ട് ചൈനക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഷിംഗ്ടണിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അഡ്മിറൽ മൈക്ക് ഗിൽഡേ നടത്തിയ പ്രസ്താവന ജാപ്പനീസ് പത്രമായ നിക്കി ഏഷ്യ പുറത്തു വിട്ടു.
ഇന്ത്യയിൽ അഞ്ചു ദിവസത്തെ സന്ദർശനം നടത്തിയ ഗിൽഡേ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ കരുത്തിനെ കുറിച്ച് മനസ്സിലാക്കുകയും ഭാവിയിൽ ഇരു രാജ്യങ്ങളും തന്ത്ര പ്രധാനമായ പല ഇടപാടുകളിലും പങ്കാളികളാകുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുകയും ഹിമാലയൻ മേഖലയിലെ ചൈനീസ് കടന്നു കയറ്റത്തെ പ്രതിരോധിക്കാൻ ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. നിരവധി രാഷ്‌ട്രങ്ങൾക്ക് ഭീഷണിയായി ചൈന നടത്തുന്ന അഹങ്കാര നടപടിയെ അമേരിക്ക എല്ലാ കാലത്തും ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments