ബംഗളൂരു : ആൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയും ഏഴ് സുഹൃത്തുക്കളും പിടിയിൽ. ബംഗളൂരു കമ്മനഹള്ളി സ്വദേശിയായ ക്ലാരയും(27) ഇവരുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്. യുവതിയുടെ ആൺ സുഹൃത്തായ മാധവ് പ്രസാദിനാണ് മർദ്ദനമേറ്റത്.
ഒരു മാസം മുൻപ് വരെ ക്ലാരയും മാധവും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ ക്ലാരയുടെ മറ്റൊരു ബന്ധത്തിന്റെ പേരിൽ ഇരുവരും പിരിഞ്ഞു. ഇതോടെയാണ് മാധവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കാൻ യുവതി തീരുമാനിച്ചത്. ഇതിനായി തന്റെ സുഹൃത്തുക്കളുടെ സഹായവും ഇവർ തേടി.
മാധവിനെ വിളിച്ചുവരുത്തിയ ശേഷം കാറിൽ ബലമായി പിടിച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ഏറെ നേരെ വിവിധ സ്ഥലങ്ങളിൽ ചുറ്റിയ ശേഷം ഇയാളെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മാധവ് ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവതിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Comments