ന്യൂഡൽഹി: തലാഖ് ഇ ഹസന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിന് മുൻപ്, ഇരയാക്കപ്പെട്ടു എന്ന് പരാതി നൽകിയ സ്ത്രീകൾക്ക് പരിഗണന നൽകണമെന്ന് സുപ്രീം കോടതി. കേസിൽ, പരാതിയുമായി കോടതിയെ സമീപിച്ച സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
പരാതിക്കാരികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം വിശാലമായ കാഴ്ചപ്പാടിൽ പരിഗണിക്കേണ്ടതാണ്. എന്നാൽ അതിലേക്ക് തത്കാലം കോടതി കടക്കുന്നില്ല. നിലവിൽ പരാതിക്കാരികൾക്ക് അടിയന്തര ആശ്വാസം നൽകുക എന്നതാണ് കോടതി പരിഗണിക്കുന്ന വിഷയം. ഇതിനായി, പരാതിക്കാരികളായ ബേനസീർ ഹീനയുടെയും നസ്രീൻ നിഷയുടെയും ഭർത്താക്കന്മാർക്ക് നോട്ടീസ് അയക്കുകയാണെന്ന് ജസ്റ്റിസുമാരായ എസ് കെ കൗളും അഭയ് എസ് ഓകയും വ്യക്തമാക്കി.
മൂന്ന് മാസം കൊണ്ട് വിവാഹ മോചനം നൽകുന്ന മുസ്ലീം സമുദായത്തിലെ ആചരണമാണ് തലാഖ് ഇ ഹസൻ. മാസത്തിൽ ഒരു തവണ എന്ന നിലയിൽ തലാഖ് ചൊല്ലി മൂന്നാം മാസം വിവാഹം അസാധുവാക്കുന്ന ഈ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലാണ്. ഇതേ ആവശ്യമാണ് ബേനസീർ ഹീനയും കോടതിയിൽ ഉന്നയിച്ചത്.
















Comments