ന്യൂഡൽഹി: കെ ടി ജലീൽ രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഡൽഹി പോലീസിനോട് കോടതി. ജലീലിനെതിരായ പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഡൽഹി പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ഡൽഹി റോസ് അവന്യൂ കോടതിയിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്റേറ്റ് ഹർജീത് സിംഗ് ജസ്പാലാണ് തിലക് മാർഗ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
കെ ടി ജലീലിനെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. ആസാദ് കശ്മീർ പരാമർശം നടത്തിയതിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകുകയാണ് ജനപ്രതിനിധിയായ ജലീൽ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും ശക്തമായ നിയമനടപടി ഉണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം സബ് ഇൻസ്പെക്ടർ രാഹുൽ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായി പരാതിക്കാരൻ ജി എസ് മണിയെ ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ ടി ജലീൽ രാജ്യവിരുദ്ധ പരാമർശം നടത്തിയത്. പോസ്റ്റിലെ ആസാദ് കശ്മീർ എന്ന പ്രയോഗം വൻ വിവാദമായിരുന്നു. തുടർന്ന് ബിജെപി ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ സംഘടനകളും നേതാക്കളും ജലീലിനെതിരെ രംഗത്ത് വന്നിരുന്നു.
Comments