മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ച് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം മഹാരാഷ്‌ട്രയിലുടനീളം പൊതുജനസമ്പർക്ക പ്രചാരണം ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് രാജ് താക്കറെയുടെ സന്ദർശനം. അതിനാൽ തന്നെ വരും നാളുകൾ ശിവസേന നേതാവും മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് അഗ്നിപരീക്ഷയുടെ നാളുകളെന്ന് അടിവരയിടുന്നതാണ് രാജ് താക്കറെയുടെ സന്ദർശനം.
55 ശിവസേന എംഎൽഎമാരിൽ 40 പേരും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്‌ക്കുന്നതിനാൽ, വരാനിരിക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും ഉദ്ധവ് താക്കറെയുടെ അഗ്നിപരീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി രാജ് താക്കറെയുടെ സഖ്യം തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഷിൻഡയുടെ നേതൃത്വത്തിലുള്ള ശിവസേനയും എംഎൻഎസും തമ്മിലുള്ള ധാരണയും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വലിയ ശക്തിയായി മാറിയേക്കാം. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിനന്ദിച്ചുകൊണ്ട് രാജ് താക്കറെ രംഗത്തു വന്നിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഉദ്ധവിന്റെ രാഷ്‌ട്രീയ ഭാവിയെപ്പറ്റി ചർച്ചകൾ മുറുകുകയാണ്.
ഏകദേശം 37,000 കോടി രൂപയുടെ വാർഷിക ബജറ്റുള്ള ബിഎംസി ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭയായി കണക്കാക്കപ്പെടുന്നു. സംസ്ഥാനത്ത് എൻസിപി-കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിൽ ശിവസേന മികച്ച ശക്തിയായിരുന്നു. 2017-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല അംഗീകരിക്കാൻ കഴിയാതെ ബിജെപിയും ശിവസേനയും വെവ്വേറെയാണ് മത്സരിച്ചത്. അന്ന് 51 സീറ്റുകളുടെ വർദ്ധനയോടെ 82 സീറ്റുകൾ ബിജെപി നേടിയിരുന്നു. കേവല ഭൂരിപക്ഷം 84 സീറ്റാണ്. ചർച്ചകൾക്കൊടുവിൽ മേയർ സ്ഥാനത്തേയ്‌ക്ക് മത്സരിക്കേണ്ടതില്ല എന്ന ബിജെപിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ശിവസേനയുടെ അംഗങ്ങൾ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി-ഷിൻഡെ കൂട്ടുക്കെട്ടിന് രാജ് താക്കറെയുടെ പക്ഷം കൂടി പിന്തുണ നൽകിയാൽ നിഷ്പ്രയാസം ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭരണം പിടിക്കും എന്നുമാത്രമല്ല, ഉദ്ധവിന്റെ രാഷ്‌ട്രീയ ജീവിതത്തിന് വലിയ തിരച്ചടി കൂടെയാകും.
Comments