ആലപ്പുഴ: കല്യാണ സദ്യയ്‌ക്കിടെ പപ്പടത്തിന്റെ പേരിലുണ്ടായ പൊരിഞ്ഞ അടിയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഓഡിറ്റോറിയം ഉടമ മോഹനന് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ ആക്രമണത്തിൽ തലയ്‌ക്കുണ്ടായ പരിക്കിൽ 14 സ്റ്റിച്ചുണ്ട്.
കഴിഞ്ഞ ദിവസമാണ് രണ്ടാമത് പപ്പടം ചോദിച്ചപ്പോൾ നൽകിയില്ലെന്ന പേരിൽ വരന്റെ ഒപ്പമെത്തിയവരും വിളമ്പുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. കസേര കൊണ്ടായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ നിരവധി കസേരകളാണ് തകർന്നത്. ഇതിന് പുറമേ മേശകളും മറ്റ് സാമഗ്രികളും കൂട്ടത്തല്ലിൽ തകർന്നു. ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് ആകെ തകർന്നതെന്ന് മോഹനൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതുകൂടാതെ ആക്രമണത്തിൽ മോഹനന്റെ തലയ്‌ക്ക് സാരമായ പരിക്കാണ് ഉണ്ടായത്.
കരീലക്കുളങ്ങര പോലീസിലാണ് അദ്ദേഹം പരാതി നൽകിയത്. പരാതിയിൽ പോലീസ് എത്തി മോഹനന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് 15 പേർക്കെതിരെ കേസ് എടുത്തു. പ്രതികൾക്കായി ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സദ്യയുടെ അവസാന പന്തിയിലിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘർഷം ഉണ്ടാക്കിയത് എന്ന് മോഹനൻ പറഞ്ഞു. അതേസമയം നഷ്ടപരിഹാരം നൽകില്ലെന്നാണ് വരന്റെ വീട്ടുകാർ പറയുന്നത്. ഇതോടെ വധുവിന്റെ പിതാവ് പോലീസിൽ പരാതി നൽകി.
















Comments