നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും തമ്മിലുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബാലകൃഷ്ണയുടെ 107-ാമത്തെ ചിത്രത്തിലാണ് നായികയായി ശ്രുതിഹാസൻ എത്തുന്നത്. ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിൽ നിന്നുള്ള ഒരു സെൽഫിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ചിത്രത്തിൽ ഇരുവരും വിക്ടറി ചിഹ്നം കാണിക്കുന്നത് ദൃശ്യമാകും. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണിത്. താരങ്ങളുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്.
തൻറേതായ ശൈലിയിലൂടെ തെലുങ്ക് സിനിമയിൽ തിളങ്ങുന്ന നടനാണ് നന്ദമുരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ അഭിനയവും സംഘട്ടനവും പൊതുവേദികളിലെ അഭിപ്രായ പ്രകടനങ്ങളുമെല്ലാം ഏറെ ട്രോളുകൾ ഏറ്റുവാങ്ങാറുണ്ട്. എന്നാൽ അതേസമയം, താരത്തെ സ്ക്രീനിൽ കണ്ട് ആവേശം കൊള്ളുന്ന ഒരു വലിയ വിഭാഗം ആരാധ സംഘവും ബാലകൃഷ്ണയ്‌ക്ക് സ്വന്തമാണ്. അവസാനമായി തിയറ്ററിൽ ഇറങ്ങിയ ‘അഖണ്ഡ’ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. 100 കോടി നേടിയ ചിത്രം തിയറ്ററുകളിൽ ആരാധകർക്ക് അവേശമായി.
രവി തേജ നായകനായ ‘ഡോൺ സീനു’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്‌ക്ക് കടന്നുവന്ന ഗോപിചന്ദ് മലിനേനിയാണ് പേരിട്ടിട്ടില്ലാത്ത NBK107 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണയെ ശക്തമായ ഒരു വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമയിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ബാലകൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രമുഖ ബാനർ ആയ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരം ഹണിറോസും ചിത്രത്തിന്റെ ഭാഗമാകുന്നു.
















Comments