എറണാകുളം: കൊച്ചി നഗരത്തിൽ ഉണ്ടായ ശക്തമായ മഴയ്‌ക്ക് പിന്നിലെ കാരണം വ്യക്തമാക്കി കുസാറ്റ് കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്. ലഘുമേഘ വിസ്‌ഫോടനത്തിന്റെ വിഭാഗത്തിൽപ്പെടുത്താവുന്ന ചക്രവാതച്ചുഴിയാണ് മഴയ്‌ക്ക് കാരണമായത് എന്ന് അദ്ദേഹം പറഞ്ഞു. രാവിലെ മുതൽ ശക്തമായ മഴയാണ് നഗരത്തിൽ ലഭിച്ചത്. ഇതോടെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായിരുന്നു.
ഒന്നര മണിക്കൂറിനുള്ളിൽ എട്ട് സെന്റീമീറ്റർ മഴയായിരുന്നു നഗരത്തിൽ ലഭിച്ചത്. ഇത്തരം മഴ പ്രവചിക്കാൻ പരിമിതിയുണ്ട്. മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരും. എന്നാൽ ഇതിന്റെ തോത് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏകദേശം രണ്ട് മണിക്കൂറോളമാണ് കൊച്ചിയിൽ നിർത്താതെ മഴ തുടർന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായത് ഗതാഗത കുരുക്കുണ്ടാക്കി. കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്.
















Comments