ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാവിക സേനക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 2ന് കൊച്ചിയിലെത്തും. പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തതയുടെ മകുടോദാഹരണമായ വിക്രാന്ത് പൂർണ്ണമായും ഇന്ത്യൻ നിർമ്മിത യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയുടെ നാവിക ചരിത്രത്തിൽ ഇന്നോളം നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കപ്പലാണ് ഐ എൻ എസ് വിക്രാന്ത്. വിക്രാന്ത് നാവിക സേനയ്‌ക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി, സേനയുടെ പുതിയ കൊടിയടയാളവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. കൊളോണിയൽ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയുന്ന ചിഹ്നമായിരിക്കും പ്രധാനമന്ത്രി അനാവരണം ചെയ്യുക.
വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന സെൻ്റ് ജോർജ്ജ് കുരിശോട് കൂടിയതാണ് നാവിക സേനയുടെ നിലവിലെ അടയാള ചിഹ്നം. കുരിശടയാളത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാക മുദ്രണം ചെയ്തിട്ടുണ്ട്. ഇതാണ് പരിഷ്കരിച്ച കൊടിയടയാളത്തിന് വഴിമാറുന്നത്. നേരത്തെ ദേശീയ പതാകയുടെ സ്ഥാനത്ത് യൂണിയൻ ജാക്ക് ആയിരുന്നു.
2001ൽ കൊടിയടയാളത്തിൽ നിന്നും കുരിശ് എടുത്ത് മാറ്റിയിരുന്നു. എന്നാൽ 2004ൽ സിംഹമുദ്രയോടൊപ്പം കുരിശും കൊടിയിൽ പുനസ്ഥാപിക്കപ്പെട്ടു. നിലവിൽ സമഗ്രമായ മാറ്റമാണ് കൊടിയടയാളത്തിൽ ഉണ്ടാകാൻ പോകുന്നത് എന്നാണ് വിവരം.
Comments