പാലക്കാട് : പാലക്കാട് ഹണിട്രാപ്പിലൂടെ വ്യവസായിയെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെ വൈറലായ ”ഫീനിക്‌സ് കപ്പിൾ” എന്നറിയപ്പെടുന്ന ദേവുവും ഭർത്താവ് ഗോകുലും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. ശരത് (24), അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായ മറ്റ് നാല് പേർ.
സമ്പന്നരായ വ്യവസായികളെ ലക്ഷ്യം വെച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് സംഘം പ്രവർത്തിക്കുക. പരിചയപ്പെട്ട ശേഷം ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉളളൂവെന്നും പറഞ്ഞ് സന്ദേശങ്ങൾ അയയ്‌ക്കും. യുവതി എന്ന വ്യാജേന ശരത്ത് ആദ്യം മെസേജ് അയയ്‌ക്കും. പിന്നീട് സ്ത്രീയാണെന്ന് വിശ്വസിപ്പിക്കാൻ ദേവുവിനെ ഉപയോഗിച്ച് ആളുകളെ കെണിയിൽ പെടുത്തും. സ്ത്രീ ശബ്ദമാണെന്ന് ഉറപ്പിക്കുന്നതോടെ ആളുകൾ വീഴും.
പിന്നെ ചാറ്റുകളിലൂടെ തന്നെ അടുപ്പമുണ്ടാക്കി നേരിട്ട് കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കും. പാലക്കാടാണ് വീട് എന്നായിരുന്നു സംഘം വ്യവസായിയോട് പറഞ്ഞിരുന്നത്. ഇതിനായി ഇവർ യാക്കരയിൽ വാടകയ്‌ക്ക് വീട് എടുത്തു. യുവതിയുടെ വാക്ക് വിശ്വസിച്ച് കഴിഞ്ഞ ഞായറാഴ്ച വ്യവസായി പാലക്കാട് എത്തി. രാത്രിയോടെ ഇവർ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
വ്യവസായി വീട്ടിൽ എത്തിയതോടെ സംഘം സദാചാര പോലീസ് ചമഞ്ഞ് ഇയാളെ പിടിച്ചുകെട്ടുകയായിരുന്നു. തുടർന്ന് നഗ്ന ചിത്രങ്ങൾ പകർത്തി കൈയ്യിലുള്ള പണം തട്ടിയെടുത്തു. നാല് പവന്റെ സ്വർണമാല, കാർ, മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, ഓഫീസ് രേഖകൾ, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ വ്യവസായി ഓടി രക്ഷപ്പെടുകയായിരുന്നു. നേരെ അടുത്തുള്ള സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഹണിട്രാപ് സംഘത്തെ പിടികൂടിയത്.
















Comments