കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.2 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം.എസ്എൻ ജംഗ്ഷൻ മുതൽ വടക്കേക്കോട്ട വരെ പൂർത്തിയായ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ എക്‌സിബിഷൻ സെന്ററിലാകും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുക.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ എം അനിൽ കുമാർ, എംപി ഹൈബി ഈഡൻ, ഗതാഗതമന്ത്രി ആന്റണി രാജു, വ്യവസായമന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.
11 സ്‌റ്റേഷനുകളാകും രണ്ടാം ഘട്ടത്തിലുണ്ടാവുക. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത ആദ്യഘട്ട പ്രവൃത്തിയാണ് ഒന്നാം ഘട്ടത്തിന്റ വിപുലീകരണ പ്രവർത്തനങ്ങൾ.ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ മെട്രോ ട്രെയിൻ 27 കിലോമീറ്റർ സഞ്ചരിക്കും. സ്റ്റേഷനുകളുടെ റവന്യൂ പ്രവർത്തനങ്ങൾ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുമെന്നും സിയാൽ വ്യക്തമാക്കി.
വടക്കേ കോട്ട, എസ്എൻ ജംക്ഷൻ സ്‌റ്റേഷനുകളുടെയും പനംകുട്ടി പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ 2019 ഒക്ടോബറിൽ ആരംഭിച്ചതാണ്. സ്റ്റേഷനുകളിൽ ഏറ്റവും വലുതാണ് വടക്കേ കോട്ട. ഏകദേശം 4.3 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമാണ് വടക്കേ കോട്ടയ്‌ക്കുള്ളത്. സ്വാതന്ത്ര സമരത്തിൽ കേരളത്തിന്റെ പങ്ക് പ്രമേയമാക്കിയാണ് സ്‌റ്റേഷന്റെ അകം ക്രമീകരിച്ചിരിക്കുന്നത്. ആധുനിക ആയൂർവേദം പ്രമേയമാക്കിയാണ് എസ്എൻ ജംക്ഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം വിപൂലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് വരികളുള്ള പനംകുറ്റി പാലം സിയാൽ നിർമ്മിച്ചു. ഇതിനെയാണ് ഇപ്പോൾ നാല് വരി ഇടനാഴിയാക്കിയത്. ഈ പാലം 15 മാസത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ 2021 ഫെബ്രുവരി 15-ന് ജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനായി പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്ന വേളയിലാണ് രണ്ടാംഘട്ട മെട്രോയുടെ തറക്കല്ലിടൽ നടത്തുന്നത്.
Comments