ദീർഘായുസ്, യുവത്വം നിലനിർത്തൽ, മരണില്ലാത്തവനാവുക, ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് ഇതൊക്കെ. എന്നെങ്കിലും മരണമില്ലാത്തവരായി മനുഷ്യകുലം മാറുമെന്ന പ്രത്യാശയിൽ ജീവിക്കുന്ന അനേകം പേരുണ്ട് നമുക്ക് ചുറ്റും. മരിച്ചയാളെ ജീവിപ്പിക്കാനുള്ള മരുന്ന് എന്നെങ്കിലും കണ്ടുപിടിച്ചാൽ, അത് ഉപയോഗിച്ച് തങ്ങളെ ജീവിപ്പിക്കണമെന്ന് ചട്ടം കെട്ടി മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചിരിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്.
മരണമില്ലാത്തവനായി മാറാനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന്റെ ഫലമാണല്ലോ മരുന്നുകളുടെ കണ്ടുപിടുത്തം. അസുഖത്തെ തടഞ്ഞ് നിർത്തി മരണം വൈകിപ്പിക്കാനേ ഇത് വരെ മനുഷ്യന് കഴിഞ്ഞുള്ളൂ. എന്നാൽ മരിക്കാതിരിക്കാൻ എന്ത് ചെയ്യും? ഇതിന് ഉത്തരം കണ്ടെത്താൻ ജെല്ലിഫിഷിനെ പഠനവിധേയമാക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
കാരണമെന്തന്നല്ലേ? ദിനോസറുകൾക്ക് മുൻപേ ഭൂമിയിൽ പിറവി കൊണ്ട ജീവിവർഗമാണ് ജെല്ലിഫിഷ്. 95 ശതമാനവും ജലം കൊണ്ട് നിർമ്മിച്ച ഇവയ്‌ക്ക് അസ്ഥികളോ ഹൃദയമോ,രക്തമോ,തലച്ചോറോ എന്ന് വേണ്ട ഒന്നുമില്ല. യുവത്വത്തിലേക്ക് വീണ്ടും വീണ്ടും മടങ്ങാനുള്ള ജെല്ലിഫിഷിന്റെ പ്രത്യേകതയാണ് മരണമില്ലാതാക്കാനുള്ള രഹസ്യത്തെ കണ്ടുപിടിക്കാൻ അവയെ ഉപയോഗിക്കാമെന്ന തീരുമാനത്തിലേക്ക് ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത്.
മരണമില്ലാത്ത ജെല്ലിഫിഷായ ടൂറിറ്റോപ്‌സിസ് ഡോർണിയുടെ ജിനോം ഇതിനായി സ്പാനിഷ് ഗവേഷകർ നിരവധി പരിശോധനകൾക്ക് വിധേയമാക്കി കഴിഞ്ഞു. ഒവിഡോ സർവ്വകലാശാലയിലെ ഡോ. കാർലോസ് ലോപ്പസ് ഓട്ടിന്റെ നേതൃത്വത്തിൽ ജെല്ലിഫിഷിന്റെ മരണം ഒഴിവാക്കാൻ സഹായിക്കുന്ന വിവിധ ജിനോമിക് ഘടനകൾ പരിശോധിക്കുകയുണ്ടായി. ജെല്ലിഫിഷിന്റെ ജനിതക ശ്രേണി മാപ്പ് ചെയ്യാനും ഗവേഷകർക്കായി.
ഇത് കൂടുതൽ പഠനവിധേയമാക്കി ജെല്ലിഫിഷിന്റെ അതുല്യമായ ദീർഘായുസിന്റെ രഹസ്യം കണ്ടുപിടിക്കാനാണ് ശ്രമം. ജീവികളിലെ ശരീരത്തിലുണ്ടാകുന്ന ക്രോമസോമുകളുടെ അറ്റങ്ങൾ അഥവാ ടെലോമിയർ പ്രായം കൂടുന്നതിന് അനുസരിച്ച് ചുരുങ്ങുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ജെല്ലിഫിശിന്റെ ടെലോമിയറിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല. ഇത് തന്നെയാണ് അവയുടെ അമരത്വത്തിന് കാരണവും.
Comments