വയനാട്: അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നിയിറച്ചി കടത്താതിരിക്കാൻ വയനാട്ടിൽ പരിശോധന. ഓണാഘോഷവുമായി ബന്ധപ്പെട്ട് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി പന്നിയിറച്ചി കടത്തിക്കൊണ്ടുവരുന്നത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.
ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പന്നിയിറച്ചി വിൽക്കുന്ന കടകളിൽ പരിശോധന കർശനമാക്കാനും വിവിധ വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ എ. ഗീത നിർദ്ദേശം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് പന്നിയിറച്ചി കൊണ്ടുവരുന്നതും വിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശ്ശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
Comments