ബീജിംഗ്: റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സൈനിക പരിശീലനത്തിന് കരസേനാ വിഭാഗത്തെ അയച്ച് ചൈന. ഇന്നു മുതൽ ഒരാഴ്ച നടക്കുന്ന വോസ്‌റ്റോക് 2022 സൈനിക അഭ്യാസത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. ആഗോളതലത്തിലെ സംഘർഷങ്ങളുമായി സംയുക്ത പരിശീലനത്തിന് യാതൊരു ബന്ധമില്ലെന്നും എല്ലാ അന്താരാഷ്‌ട്ര സൈനിക മര്യാദകളും പാലിച്ചുകൊണ്ടുള്ള പരിശീലനമാണ് നടത്തുന്നതെന്നും മോസ്‌കോ ഭരണകൂടം അറിയിച്ചു.
റഷ്യയുടെ കിഴക്കൻ മേഖലയിലാണ് പരിശീലനം നടക്കുന്നത്. പസഫിക്കിലും ജപ്പാൻ കടലിലും റഷ്യയുടെ കരമേഖലയിലുമായിട്ടാണ് പരിശീലനം നടക്കുന്നത്. ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, നിക്കരാഗ്വ ബെലാറൂസ് എന്നീ രാജ്യങ്ങ ളാണ് റഷ്യൻ മണ്ണിൽ സംയുക്ത പരിശീലനത്തിനായി ഒത്തുകൂടുന്നത്. അരലക്ഷം സൈനി കരാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമായി പങ്കെടുക്കുന്നത്. മൂന്ന് സൈനിക വിഭാഗങ്ങളും ഭൂമിശാസ്ത്രപരമായും മറ്റ് അടിയന്തിര സാഹചര്യത്തിലും പ്രവർത്തിക്കേണ്ട കാര്യങ്ങൾ ആവർത്തിച്ച് പരിശീലിക്കും.
കര-വ്യോമ പരിശീലനങ്ങളിൽ ഇന്ത്യ പങ്കെടുക്കുമെങ്കിലും ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിനാൽ പസഫിക്കിലെ നാവിക അഭ്യാസത്തിൽ നിന്ന് ഒഴിവായി. അതേസമയം തായ്‌വാനെതിരെ സംഘർഷത്തിന് ശ്രമിക്കുന്ന ചൈനയുടെ നീക്കം നിർണ്ണായകമാണ്. റഷ്യയുമായി ജപ്പാൻ കടലിൽ നടത്താനിരിക്കുന്ന നാവിക അഭ്യാസത്തെ അമേരിക്കയും ജപ്പാനും കരുതലോടെയാണ് നിരീക്ഷിക്കുന്നത്.
ആഗോളതലത്തിൽ റഷ്യയും ചൈനയും വൻ ഭീഷണിയാണെന്ന് ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലടക്കം അമേരിക്ക ആവർത്തിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംയുക്ത സൈനിക അഭ്യാസം ഏറെ നിരീക്ഷണത്തിന് വിധേയമാകും. 2018ലാണ് റഷ്യാ-ചൈന സംയുക്ത സൈനിക അഭ്യാസം നടത്തിയത്.
















Comments