ന്യൂഡൽഹി: കോൺഗ്രസിന് കൂടുതൽ തലവേദനയായി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിവസം തന്നെ കോൺഗ്രസിൽ നിന്ന് നിരവധി പേർ പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 5000ത്തോളം കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് പിന്തുണയുമായി പാർട്ടിയിൽ നിന്ന് രാജി വയ്‌ക്കാനൊരുങ്ങുന്നത്.
ജമ്മു കശ്മീരിന് പുറമെ ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ആനന്ദ് ശർമ്മ, ഭൂപീന്ദർ ഹൂഡ, പൃഥ്വിരാജ് ചൗഹാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഇവർക്കെതിരെയും പാർട്ടിയിൽ പടയൊരുക്കം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ തോതിൽ പ്രവർത്തകർ പാർട്ടി വിടുന്നതെന്നാണ് വിലയിരുത്തൽ.
ഹരിയാനയിലെ മുതിർന്ന നേതാവ് കുമാരി സെൽജ ഭൂപീന്ദർ സിംഗ് ഭൂപീന്ദർ ഹൂഡയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് രാജിവച്ച ആളുമായി കൂടിക്കാഴ്ച നടത്തിയതിനാണ് നടപടി ആവശ്യപ്പെട്ടത്. ഭൂപീന്ദർ ഹൂഡയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും, ഹൈക്കമാൻഡ് ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. ഹരിയാനയിൽ വലിയ സ്വാധീനമുള്ള നേതാവാണ് ഭൂപീന്ദർ സിങ് ഹൂഡ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും പാർട്ടിയിൽ നിന്ന് കൂടുതൽ പേർ പുറത്ത് പോകുമെന്നാണ് വിലയിരുത്തൽ.
Comments