സമൂഹമാദ്ധ്യമങ്ങളിലെ ട്രെൻഡിങ്ങ് പ്രൊഫൈലുകൾ തുടർച്ചയായി കേസിൽപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ എടുക്കേണ്ടിയിരിക്കുന്നു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒരുക്കുന്ന ചതിക്കുഴികൾ സംബന്ധിച്ച് നിരവധി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ടിക് ടോക് – റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തതും പാലക്കാട്ടെ ഹണി ട്രാപ്പ് കേസിൽ ദേവുവും ഗോകുലും പിടിയിലായതും അതിൽ ചിലത് മാത്രമാണ്. ഇവ എല്ലാം ഞെട്ടലോടെയാണ് മലയാളക്കര കണ്ടത്.
സമൂഹ മാദ്ധ്യമങ്ങളിലെ ചതിക്കുഴികൾ തിരിച്ചറിയണം എന്ന് പോലീസും അധികൃതരും നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ലു പോലും മറന്ന് അവയ്‌ക്ക് പിന്നാലെ തന്നെ പായുകയാണ് മലയാളികൾ. സമൂഹമാദ്ധ്യമങ്ങൾ ജീവിത്തിന്റെ അടിസ്ഥാന ആവശ്യമായി മാറുകയാണോ എന്നു പോലും ഈ സാഹചര്യത്തിൽ ചിന്തിക്കേണ്ടി ഇരിക്കുന്നു
പാലക്കാട്ടെ ഹണിട്രാപ് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. പ്രതികളുടെ സാമൂഹിക മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ പോലീസ് അരിച്ചുപെറുക്കി പരിശോധിക്കുകയാണ്.മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ദേവു – ഗോകുൽ ദമ്പതികൾ റീൽസുകൾ ചെയ്തിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത തന്നെ ലഭിച്ചിരുന്നു. സ്‌നേഹം ചൊരിയുന്ന സന്ദേശങ്ങളാണ് ഇവരുടെ പോസ്റ്റുകൾക്ക് താഴെ വന്നിരുന്നത്.പീഡനക്കേസിൽ അറസ്റ്റിലായ വിനീതിന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്.
എത്ര എല്ലാം മുന്നറിയിപ്പുകൾ ലഭിച്ചാലും ഇവിടെ ശ്രദ്ധിക്കേണ്ടത് സമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കാതിരിക്കുക. ഇത്തരത്തിൽ പരിചയപ്പെടുന്ന സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടായിരിക്കണം.
















Comments