ഇസ്ലാമാബാദ്: അരക്കോടി ജനങ്ങളുടെ സ്വത്തും ഭൂമിയും കവർന്ന മഹാപ്രളയം കൊടും വരൾച്ച നേരിടുന്ന പ്രദേശത്ത് സമ്മാനമായി നൽകിയിരിക്കുന്നത് വിശാലമായ തടാകം. പ്രളയ ജലം നിറഞ്ഞ് 100 കിലോമീറ്ററിൽ വൻ തടാകം രൂപം കൊണ്ട കാഴ്ച ജനങ്ങളെ അമ്പരപ്പിക്കുകയാണ്. സിന്ധ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധൂ നദി കരകവിഞ്ഞ് ഒഴുകിയുണ്ടായ തടാകം 100 കിലോമീറ്ററിലേയ്‌ക്ക് വ്യാപിച്ചിരിക്കുകയാണ്. നാസയുടെ ഉപഗ്രഹമാണ് പുതുതായി ജലസംഭരണം നടന്നിരിക്കുന്ന മേഖലയുടെ ചിത്രം പുറത്തുവിട്ടത്. ആദ്യ ചിത്രത്തിലൽ സിന്ധു നദി ഇടതുവശത്തുകൂടെ ഒഴുകുന്ന മുൻകാല ചിത്രമാണ് കടും നീല നിറത്തിൽ കാണിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ അതേ കടും നീല നിറത്തിലുള്ള ഭാഗം വളരെയേറെ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുന്നത് വ്യക്തമാണ്.
കനത്ത മഴയ്‌ക്കൊപ്പം സിന്ധു നദി കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലേയ്‌ക്ക് ജലം വ്യാപിച്ചത്. ഒരാഴ്ചയായിട്ടും കെട്ടികിടക്കുന്ന ജലം താഴുന്നില്ല എന്നതിനാൽ സ്ഥിരമായി ജലം ലഭിക്കുന്ന തടാകമായി 100 കിലോമീറ്റർ പ്രദേശം മാറുമോ എന്നതാണ് ജനങ്ങൾ കാത്തിരിക്കുന്നത്. കൃഷിയിടമായിരുന്ന പ്രദേശമാണ് ജലം നിറഞ്ഞ് തടാകമായതെന്നാണ് ജനങ്ങൾ പറയുന്നത്.
മുമ്പ് സിന്ധു നദിയുടെ കരയിൽ നിന്ന് കൃഷിയിടങ്ങളിലേയ്‌ക്ക് ജലമെത്തിക്കാൻ ചെറിയ കനാലുകളാണ് സഹായിച്ചിരുന്നത്. മഹാപ്രളയം അത്തരം എല്ലാ സംവിധാനങ്ങളേയും തകർത്തിരിക്കുകയാണ്. ഒപ്പം വൻതോതിൽ എക്കലടിഞ്ഞ് കൃഷിയിടങ്ങളുടെ രൂപം തന്നെ മാറിമറിഞ്ഞിരിക്കുന്നു. ഇതിനൊപ്പമാണ് പുതിയ പ്രതിഭാസമായി തടാകവും രൂപം കൊണ്ടിരിക്കുന്നത്.
Comments