ഭുവനേശ്വർ: വനവാസി വിഭാഗത്തിൽ നിന്നുള്ള പത്മശ്രീ ജേതാവ് കമലാ പൂജാരിയെ ആശുപത്രിയിൽ വച്ച് നൃത്തം ചെയ്യിപ്പിച്ചതിൽ പ്രതിഷേധം ശക്തം. രോഗിയായിരിക്കെ ഐസിയുവിൽ വച്ച് ഒരു സമൂഹിക പ്രവർത്തകയും ആശുപത്രി അധികൃതരും നിർബന്ധിച്ച് കമലാ പൂജാരിയെ നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ആകുന്നതിന് തൊട്ടുമുമ്പാണ് സംഭവം. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഒഡീഷയിലെ പരജ ഗോത്രവർഗക്കാർ ആവശ്യപ്പെട്ടു.
70 വയസ്സുള്ള കമലാ പൂജാരിയെ വൃക്കരോഗങ്ങളെ തുടർന്നാണ് കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് മുഖ്യമന്ത്രി നവീൻ പട്നായികും പ്രതികരിച്ചിരുന്നു. എന്നാൽ, ഡിസ്ചാർജിന് തൊട്ടുമുമ്പ് പൂജാരിയെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോയിൽ കമലാ പൂജാരിയോടൊപ്പം മമത ബെഹ്റ എന്ന സമൂഹിക പ്രവർത്തകയും നൃത്തം ചെയ്യുന്നതായി കാണാം.
നൃത്തം ചെയ്യാൻ തനിക്ക് താത്പര്യമില്ലായിരുന്നു എന്നും ആവർത്തിച്ച് താൻ നിഷേധിച്ചതായിരുന്നുവെന്നും കമലാ പൂജാരി പറയുന്നു. എന്നാൽ സാമൂഹിക പ്രവർത്തക അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. അതിനാലാണ് തനിക്ക് നൃത്തം ചെയ്യേണ്ടി വന്നതെന്നും, ആ സമയം ഏറെ ക്ഷീണിത ആയിരുന്നുവെന്നും കമലാ പൂജാരി വെളിപ്പെടുത്തി. ഇതോടെ മമത ബെഹ്റയ്ക്കും ആശുപത്രി അധികൃതർക്കുമെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായി കോരാപുട്ടിലെ വനവാസി കൂട്ടായ്മ രംഗത്തു വന്നു. നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ തങ്ങൾ തെരുവിലിറങ്ങുമെന്ന് വനവാസി കൂട്ടായ്മ വ്യക്തമാക്കി.
അതേസമയം, കമല പൂജാരി ഐസിയുവിൽ അല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. അവർക്ക് പ്രത്യേക ക്യാബിൻ നൽകുകയായിരുന്നു. ഇവരെ കാണാൻ നിരന്തരം മമത ബെഹ്റ വന്നിരുന്നു. ഡിസ്ചാർജ് സമയത്ത് ആശുപത്രി അധികൃതർ അറിയാതെയാണ് രോഗിയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്ലുൾപ്പെടെ വിവിധ വിളകളുടെ നൂറിലധികം നാടൻ വിത്തുകൾ സംരക്ഷിച്ചതിനും 2019-ലാണ് കമലാ പൂജാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. വൃക്കരോഗങ്ങളെ തുടർന്ന് കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Comments