സന്തോഷം, സങ്കടം,ദേഷ്യം,ഭയം അങ്ങനെ വ്യത്യസ്ത വികാരങ്ങൾക്ക് ഉടമയാണ് ജീവികൾ. കാഴ്ച,സ്പർശം,കേൾവി,മണം,രുചി എന്നിങ്ങനെ പലരീതിയിൽ ഭയം നമ്മെ കീഴ്‌പ്പെടുത്താം. എന്താണിതിന് കാരണം? നമ്മുടെ ഉറക്കം കെടുത്തുന്ന ഭയത്തിന് പിന്നിലെ ന്യൂറോണുകളെ തിരിച്ചറിഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞർ.കാലിഫോർണിയയിലെ സാൽക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസിവെ ഗവേഷകരാണ് ഈ നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.
നമ്മുടെ മസ്തിഷ്‌കത്തിൽ ഭയത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഭാഗമാണ് അമിഗ്ഡാല. ഈ ഭാഗത്തേയ്‌ക്ക് പേടിയുടെ സൂചനകൾ എത്തിക്കുന്നതിൽ കാൽസിറ്റോനിൻ ജീൻ റിലേറ്റഡ് പെപ്‌റ്റെയ്ഡ് അഥവാ സിജിആർപിയ്‌ക്കുള്ള പങ്കിനെ കുറിച്ച് ചില വിവരങ്ങൾ ശാസ്ത്രലോകത്തിനുണ്ടായിരുന്നു. ഈ കുഞ്ഞു സൂചന ഉപയോഗിച്ചാണ് ഗവേഷകസംഘം ഭയത്തിന്റെ രഹസ്യം തേടിയുള്ള യാത്ര ആരംഭിച്ചത്.
ജനിതകമാറ്റം വരുത്തിയ എലിയിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയത്. ഇതിനായി മിനിസ്‌കോപ് എന്ന ഒരു കുഞ്ഞ് ഉപകരണം എലിയിൽ ഘടിപ്പിച്ചു. ഇത് വഴിയാണ് സിജിആർപി ന്യൂറോണുകളുടെ സഞ്ചാരം നിരീക്ഷിച്ചത്. ഭയത്തിന്റെ വഴിയറിയാൻ എലിയെ പേടിപ്പെടുത്തുന്ന പല സാഹചര്യങ്ങളും സൃഷ്ടിച്ചു. കാലിൽ ചെറിയ വൈദ്യുതാഘാതം എൽപിച്ചും ഇടിമുഴക്കത്തിന്റെ ശബ്ദം കേൾപ്പിച്ചുമൊക്കെയാണ് എലിയെ പേടിപ്പിച്ചിരുന്നത്.
ഇത് കൂടി കണക്കാക്കിയ ശേഷമാണ് സിജിആർപി ന്യൂറോണുകളുടെ നീക്കങ്ങൾ രേഖപ്പെടുത്തിയത്. തലച്ചോറിന്റെ പിന്നിലായി നട്ടെല്ല് തുടങ്ങുന്ന ഭാഗത്തെ ബ്രെയിൻസ്റ്റെമും തലാമസും അമിഗ്ഡാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് സിജിആർപി ന്യൂറോൺസിന്റെ സഞ്ചാരപാത. പരീക്ഷണത്തിലൂടെ എലി ഭയപ്പെടുമ്പോൾ സിജിആർപി ന്യൂറോണുകളുടെ സാന്നിധ്യം വർദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തി. ബ്രെയിൻസ്റ്റെമും തലാമസും കടന്നാണ് സിജിആർപി ന്യൂറോണുകൾ അമിഡ്ഗാലയിലെത്തുന്നത്.ഇവ എത്തുന്നതോടെ അമിഡ്ഗാല ഒരു മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു.
എലികളിൽ മാത്രമല്ല മനുഷ്യരുൾപ്പെടെയുള്ള മറ്റു ജീവികളിലും ഇതേ ന്യൂറോണുകളുണ്ട്. അടുത്ത പരീക്ഷണം മനുഷ്യരിൽ തന്നെയായിരിക്കും എന്നാണ് ഗവേഷകസംഘം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ സിജിആർപി ന്യൂറോണുകളും ഭയവും തമ്മിലുള്ള ബന്ധം ഒന്നുകൂടെ ഊട്ടിഉറപ്പിക്കുകയാണ് ലക്ഷ്യം. ഭയത്തിന്റെ രഹസ്യത്തിന്റെ പൂട്ട് പൊളിച്ചതോടെ ഇതിനുള്ള പ്രതിവിധിയും വൈകാതെ മനുഷ്യൻ കണ്ടുപിടിച്ചേക്കും.
















Comments