ന്യൂഡൽഹി : ഗണേശോത്സവം , ദുർഗാപൂജ തുടങ്ങി വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. വിഗ്രഹനിർമ്മാണത്തിന് പ്രകൃതിദത്തമായ കളിമണ്ണും ബയോഡീഗ്രേഡബിൾ വസ്തുക്കളും ഉപയോഗിക്കണമെന്ന് വിഗ്രഹം നിർമ്മിക്കുന്ന ശിൽപ്പികൾക്ക് സമിതി നിർദ്ദേശം നൽകി.
ഇവയ്‌ക്ക് പുറമെ പിഒപി അധിഷ്ഠിത വിഗ്രഹങ്ങൾ അധികാരികൾ കണ്ടെത്തിയ സ്ഥലങ്ങളിലല്ലാതെ ജലാശയങ്ങളിൽ നിമഞ്ജനം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്ന സമയത്ത് യമുനാ നദീതീരത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കണം. കഴിയുന്നിടത്തോളം ഒരു ബക്കറ്റ് വെള്ളത്തിലോ കൃത്രിമ കുളങ്ങളിലോ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം എന്നിവയും മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദമായി ചുണ്ടിക്കാട്ടുന്നു. അതേസമയം പൂജാസാമഗ്രികൾ പ്രത്യേകം ശേഖരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
ഗണപതിയുടെ ജനനത്തെയാണ് ഗണേശ ചതുർത്ഥി കൊണ്ട് ആഘോഷിക്കുന്നത് ഓഗസ്റ്റ് 31 ന് ആരംഭിച്ച ഉത്സവം പത്ത് ദിവസമാണ് നീണ്ട് നിൽക്കുന്നത്. പത്താം ദിനമായ സെപ്തംബർ 9 ന് ജലാശയങ്ങളിൽ വിഗ്രഹ നിമഞ്ജനം ചെയ്യുന്നതോടെ ഉത്സവം അവസാനിക്കും. പിന്നാലെ
സെപ്തംബർ അവസാന വാരം ദുർഗ്ഗാ പൂജ ആഘോഷങ്ങൾ ആരംഭിക്കും. ഈ ആഘോഷവും പത്ത് ദിവസം നീണ്ട് നിൽക്കും. ഈ ഉത്സവത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ശിൽപ്പികൾ കളിമണ്ണുകൾ കൊണ്ട് ദുർഗ്ഗാ ദേവിയുടെ ശിൽപ്പങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങും.
Comments