ന്യൂഡൽഹി: മലിനീകരണം കുറഞ്ഞ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവുമായി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ്.ഗണേശ വിഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച് ബോർഡിന്റെ മാനദണ്ഡങ്ങൽ പാലിക്കാനും നിർദേശമുണ്ട്.
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ യമുന നദിയിൽ ഒഴുക്കിയാൽ 50,000 രൂപ പിഴയും ആറു വർഷത്തെ തടവും രണ്ടും ഒന്നിച്ച് വിധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള കുറ്റമാണെന്നും ഡിപിസിസി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ പൊതു ജനങ്ങൾക്കും വിഗ്രഹ നിർമ്മാണ വിതരണക്കാർക്കും നൽകിയതായി ബോർഡ് അറിയിച്ചു. പ്രകൃതിദത്തമായ കളിമണ്ണും ചായങ്ങളും ലയിക്കുന്ന വസ്തുക്കളും ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹങ്ങൾ പുഴയിലും നദിയിലും ഒഴുക്കാവുന്നതാണ്. ഓഗസ്റ്റ് 31-ന് ആരംഭിച്ച 10 ദിവസത്തെ ഗണേശ ചതുർത്ഥിയുടെ സമാപനദിനമായ സെപ്റ്റംബർ 9-നാണ് പ്രധാന നിമജ്ജനം നടത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ വിഗ്രഹങ്ങൾ സുരക്ഷിതമായി നിമജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കൃത്രിമ കുളങ്ങൾ ഉണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിതമായ വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് വാഹനങ്ങൾ എത്തുന്നത് പരിശോധിക്കാനും ഡൽഹി പൊലീസിനെ ചുമതലപ്പെടുത്തി. 2015-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ യമുനയിൽ വിഗ്രഹ നിമജ്ജനം നിരോധിച്ചിരുന്നുവെങ്കിലും 2019-ലാണ് ഡൽഹി സർക്കാർ ഇക്കാര്യത്തിൽ ആദ്യമായി നിർദേശം നൽകിയത്.
















Comments