ലണ്ടൻ: കേരളത്തിന്റെ സാംസ്കാരിക തനിമയെ പുന:സൃഷ്ടിച്ച് അബർഡീൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയോടുകൂടിയാണ് മാവേലിതമ്പുരാനെ വരവേറ്റത്. സ്വാതന്ത്ര്യത്തിന്റെ അമൃത്മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ത്യൻ പതാകയേന്തിയാണ് കുട്ടികൾ താലപ്പൊലിക്ക് അണിനിരന്നത്.
അബർഡീൻ മേളം ക്ലബ് അവതരിപ്പിച്ച ശിങ്കാരിമേളവും ഓണാഘോഷത്തിന് മാറ്റു കൂട്ടി. ഇരുപതിലധികം വിഭവങ്ങളോടുകൂടിയ ഓണസദ്യ പരിപാടിയിൽ പങ്കെടുത്തവർക്ക് ഗൃഹാതുരത നിറഞ്ഞ അനുഭവമായിരുന്നു സമ്മാനിച്ചത്. തണുപ്പിനെ അവഗണിച്ച് സാരി ധരിച്ച് സ്ത്രീകളും, മുണ്ടും ഷർട്ടുമണിഞ്ഞ് പുരുഷൻമാരും ഓണാഘോഷത്തിൽ പങ്കുചേർന്നപ്പോൾ കൊച്ചുകേരളത്തെ പുനസൃഷ്ടിക്കുകയായിരുന്നു അബർഡീൻ മലയാളി അസോസിയേഷൻ.

ബ്രിട്ടണിൽ കിട്ടുവാൻ പ്രയാസമുള്ള നാടൻ പച്ചക്കറികളും ഞാലിപൂവനും നാടൻപപ്പടവും ഒക്കെ ഏറെ പണിപ്പെട്ട് ഇവിടെ എത്തിച്ചായിരുന്നു കേരളീയ തനിമ നിലനിർത്തിയ ഓണാഘോഷം സംഘാടകർ ഒരുക്കിയത്. ആയിരത്തോളം മലയാളികൾ ഓണം ആഘോഷിക്കുന്നത് നാടും വീടും വിട്ടുളള പ്രവാസ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു പലർക്കും.
കുഞ്ചാക്കോ ബോബന്റെ ഹിറ്റായ ദേവദൂതർ പാട്ടും നൃത്തവും തിരുവാതിരകളിയും നാടോടി നൃത്തവും സിനിമാറ്റിക് ഡാൻസുമെല്ലാമായി ആഘോഷം പൊടിപൊടിക്കുകയായിരുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മലയാളികൾ അവരുടെ വേരുകൾ മറക്കില്ലെന്നും കൂട്ടായ്മയുടെയും നൻമയുടെയും പ്രതീകമാണ് ഓണം എന്നും മാവേലിയായി വേഷമിട്ട് എത്തിയ അബർഡീൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് നിമ്മി സെബാസ്റ്റ്യൻ പറഞ്ഞു.

കോവിഡ് മഹാമാരി സമയത്തും ശ്രദ്ധേയമായ സേവനവുമായി അബർഡീൻ മലയാളി അസോസിയേഷൻ മുന്നിലുണ്ടായിരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന മലയാളികളുടെ വീടുകളിലെല്ലാം എഎംഎ ഭക്ഷണമെത്തിച്ചിരുന്നു.നാട്ടിൽ നടക്കുന്ന സേവനപ്രവർത്തനങ്ങളിലും എഎംഎ സജീവമാണ്.

സെക്രട്ടറി ജെയിംസ് കുട്ടി എക്സിക്യുട്ടീവ് അംഗങ്ങളായ ജോർജ് ചാക്കോ, ബിജു കൃഷ്ണൻ, സുഭാഷ് കുര്യൻ, ജോൺസൺ ജോസഫ്, ജോബി പോൾ, ബിൻസ് തോമസ്, രാജേന്ദു ഐആർ, ടിവിൻ ഫ്രാൻസിസ് എന്നിവർ മുഖ്യ സംഘാടകരായിരുന്നു.

















Comments