ലക്‌നൗ : ഉത്തർപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബറേലി ജില്ലയിലെ ജിയാനാഗ്ല ഗ്രാമത്തിലാണ് സംഭവം. 22 കാരനായ സുനിൽ കുമാറിനെയാണ് വീടിന് സമീപത്തെ മാവിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
പ്രദേശത്തെ മദ്രസയിലെ പുരോഹിതന്റെ മകളുമായി യുവാവ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഹിന്ദു സമുദായത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവും സഹോദരരനും ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപ്പെടുത്തിയ ശേഷം കൈയ്യും കാലും കെട്ടി മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരങ്ങളായ മുഹമ്മദ് ഫസൽ, മുഹമ്മദ് യാസിൻ, അബ്രാർ അഹമ്മദ്, സർഫറാസ് അഹമ്മദ് എന്നിവർക്കെതിരെ സുനിൽ കുമാറിന്റെ പിതാവ് പരാതി നൽകി.. പരാതിയുടെ അടിസ്ഥാനത്തിൽ ബറേലി പോലീസ് പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് പ്രശ്‌നം തീർപ്പാക്കിയത് എന്നും സുനിൽ കുമാറിന്റെ അച്ഛൻ പറഞ്ഞു. യുവാവും പെൺകുട്ടിയും പരസ്പരം കാണില്ലെന്നും ഉറപ്പ് നൽകിയതാണ്. ഇതിന് പിന്നാലെയാണ് തന്റെ മകനെ അവർ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് എന്ന് പിതാവ് ആരോപിച്ചു.
















Comments