ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട; പിടിയിലായ സംഘത്തിന്റെ കയ്യിൽ നിന്നും 4.200 കിലോ ഹെറോയിൻ കണ്ടെത്തി; പ്രതികളിൽ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

Published by
Janam Web Desk

ന്യൂഡൽഹി: ഡൽഹിയിൽ 21 കോടി വിലമതിക്കുന്ന 4.200 കിലോ ഹെറോയിനുമായി വന്ന സംഘത്തെ പോലീസ് പിടികൂടി. രാജ്യ തലസ്ഥാനത്തെ ഐ എസ് ബി ടി സരായ് കാലേ ഖാൻ ഏരിയയിൽ നിന്നുമാണ് രണ്ട് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകൾ സജീവമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സെൽ രൂപീകരിക്കുകയും വിവിധ ഇടങ്ങളിലായി നടത്തിയ അന്വേഷണത്തിൽ നിരവധി പേരെ പിടികൂടാൻ സാധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഡൽഹിയിലെ ഐ എസ് ബി ടി സരായ് കാലേ ഖാൻ ഏരിയയിൽ നിന്നും ത്രിലോക് ചന്ദ്, ലാൽ ചന്ദ് എന്നിവരെയാണ് എസിപി അത്തർ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ത്രിലോക് ചന്ദാണ് മയക്കുമരുന്ന് സംഘത്തിന്റെ തലവൻ. ലാൽ ചന്ദ് ഇയാളുടെ കാരിയർ മാത്രമാണെന്നും പോലീസ് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ , യു പി , പഞ്ചാബ്, ഡൽഹി എന്നി സംസ്ഥാനങ്ങളിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്ന പ്രധാന സംഘത്തിലെ തലവനെയാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡൽഹിയിൽ വൻ മയക്കുമരുന്ന് ഇടപാടുകൾ നടക്കാൻ സാധ്യത ഉണ്ടെന്ന വിവരത്തിനടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്. പരിശോധന വേളയിൽ ത്രിലോക് ചന്ദിന്റെ ബാഗിൽ നിന്ന് 4 കിലോയും ലാൽ ചന്ദിന്റെ ബാഗിൽ നിന്ന് 200 ഗ്രാമും ഹെറോയിൻ കണ്ടെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഴിഞ്ഞ 2 വർഷത്തിനിടെ ഇവർ ഡൽഹിയിൽ 100 കിലോയിലധികം ഹെറോയിൻ വിതരണം ചെയ്തിട്ടുണ്ടെന്ന് ലഹരി സംഘം വെളിപ്പെടുത്തിയതായി എസിപി അത്തർ സിംഗ് പറഞ്ഞു.

ഡൽഹിക്ക് പുറമെ നിരവധി സംസ്ഥാനങ്ങളിലേക്ക് ഇവർ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്താനായി. പിടിയിലായ ത്രിലോക് ചന്ദ് വൻ ലഹരി റാക്കറ്റിന്റെ തലവനാണെന്നും ഇയാളുടെ കീഴിൽ നൂറ് കണക്കിന് കാരിയേഴ്സ് ഉണ്ടെന്നും പോലീസ് പറഞ്ഞു. ഇയാൾ കറുപ്പ് ഉൽപ്പാദിപ്പിക്കുന്നവരിൽ നിന്ന് നേരിട്ട് സാധനം വാങ്ങി കറുപ്പിൽ നിന്നും ഹെറോയിൻ ഉണ്ടാക്കി വിൽക്കുന്ന ജോലിയാണ് വർഷങ്ങളായി ചെയ്യുന്നത്. 2004ൽ ഇയാൾക്കെതിരെ മുംബൈ പോലീസ് സ്റ്റേഷനിൽ 1 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Share
Leave a Comment