ഹൈദരാബാദ് : കല്യാണ തട്ടിപ്പുവീരനെ വിവാഹവേദിയിൽ വെച്ച് കൈയ്യോടെ പിടികൂടി ആദ്യ ഭാര്യ. പിന്നാലെ വിവാഹ വേദിയിൽ നിന്നിറങ്ങിയോടി തട്ടിപ്പുവീരൻ. ഹൈദരാബാദ് മഡനപ്പേട്ട് ആണ് സംഭവം. സയ്യീദ് നസീർ എന്നയാളെയാണ് രണ്ടാം വിവാഹത്തിനിടെ ആദ്യ ഭാര്യ കൈയ്യോടെ പിടിച്ചത്. ആദ്യ ഭാര്യയെ പറ്റിച്ച് രണ്ടാമത് വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ ഇതറിഞ്ഞ ആദ്യ ഭാര്യ പോലീസിനെ കൂട്ടിക്കൊണ്ട് വിവാഹ സത്ക്കാരത്തിന് എത്തുകയായിരുന്നു.
സെപ്റ്റംബർ 4 നായിരുന്നു സംഭവം. രണ്ടാം വിവാഹത്തിന്റെ ഭാഗമായി സയ്യീദ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിരുന്ന് ഒരുക്കിയിരുന്നു. ഇതിനിടയിലേക്ക് ആദ്യ ഭാര്യ ഡോ. സനാ സമ്രീൻ പോലീസ് സേനയുമായെത്തി. ഇതോടെ സയ്യീദ് വിവാഹ വേദിയിൽ നിന്നിറങ്ങി ഓടുകയായിരുന്നു.
2019 ലാണ് സയ്യീദും, സന സമ്രീനും തമ്മിലുള്ള വിവാഹം നടന്നത്. ന്യൂസിലാന്റിലായിരുന്ന സയ്യീദ് കൊറോണ ലോക്ഡൗണിൽ രാജ്യത്ത് പെട്ടുപോയി. ആ സമയത്ത് സയ്യീദിന്റെ എല്ലാ ചെലവുകളും വഹിച്ചത് സമ്രീന്റെ കുടുംബമാണ്. സയ്യീദിന് കൊറോണ ബാധിച്ചപ്പോഴും സമ്രീൻ ചികിത്സയ്‌ക്കായി പണം കണ്ടെത്തി.
എന്നാൽ ഇതിന് പിന്നാലെ സയ്യീദ് ഇവരോട് 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ ഗാർഹിക പീഡനം ആരംഭിച്ചു. പിന്നെ ഒന്നും പറയാതെ വീട്ടിൽ നിന്ന് പോയി എന്ന് സമ്രീൻ പറഞ്ഞു. ഇവർക്ക് 22 മാസം പ്രായമുള്ള ഒരു മകനുണ്ട്.
പെട്ടെന്ന് ഒരു ദിവസം സയ്യീദ് വിവാഹിതനാകാൻ പോകുന്നുവെന്ന് അറിഞ്ഞു. തന്നെ കബളിപ്പിച്ച് വിവാഹം കഴിക്കാനാണ് അയാൾ ശ്രമിക്കുന്നതെന്ന് മനസിലായതോടെയാണ് പോലീസിനെ കൂട്ടി വിവാഹവേദിയിലേക്ക് പോകാൻ തീരുമാനിച്ചത്. പോലീസിനെ കണ്ട് ഭയന്നോടിയ സയീദിനെതിരെ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments