ബംഗളൂരു: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തി എൻഐഎ. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. പുത്തൂർ, സുള്ള്യ, കഡബ താലൂക്കുകളിലെ 32ഓളം ഇടങ്ങളിലാണ് എൻഐഎ സംഘം ഒരേസമയം തിരച്ചിൽ നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും പ്രതികളുമായി ബന്ധമുള്ള ആളുകളുടേയും വീടുകൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന.
സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു. നിരവധി പിഡിപി, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും സംഘം ഇന്ന് പുലർച്ചെ എത്തി. പിഎഫ്‌ഐ പ്രസിഡന്റ് ജാബിർ അരിയഡ്ക, സിഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഇഖ്ബാൽ ബെല്ലാരെ, ഷാഹുൽ സൽമാര തുടങ്ങിയവരുടെ വീടുകളിലും പരിശോധന ഉണ്ടായിരുന്നു. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അബ്ദുൾ കബീർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം.
കേസിൽ ഏഴ് പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ആദ്യമാണ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറിയത്. ജൂലൈ 26ാം തിയതിയാണ് ബൈക്കിലെത്തിയ അക്രമികൾ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇസ്ലാമിക തീവ്രവാദികളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരം കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്ത് വന്നിരുന്നു.
















Comments