പാലക്കാട്: ഒറ്റപ്പാലം വരോട് അത്താണി പ്രദേശത്ത് മദ്രസയിൽ നിന്നും വരുകയായിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു. 12കാരനായ മെഹ്നാസിന് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കുട്ടിയ്‌ക്ക് കടിയേറ്റത്. മെഹ്നാസിനെ പിന്തുടർന്ന് എത്തിയ നായ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ കുട്ടിയുടെ കാൽപാദത്തിലാണ് നായ കടിച്ചത്. കുട്ടിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികൾ ആണ് മെഹ്നാസിനെ ആശുപത്രിയിൽ എത്തിച്ചത്.
മെഹ്നാസിന് പുറമേ പ്രദേശത്തെ നിരവധി പേരെ തെരുവ് നായ കടിച്ചിട്ടുണ്ട്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Comments