ന്യൂഡൽഹി: ആയിരത്തിലധികം കോടി രൂപയുടെ മാരകമയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാർ പിടിയിൽ. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്താരാഷ്ട്ര വിപണിയിൽ 1,200 കോടിരൂപ വിലമതിയ്ക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. 312 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 10 കിലോ ഹെറോയിൻ എന്നിവയാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
പിടിയിലായ പ്രതികൾ 2016 മുതൽ ഇന്ത്യയിൽ താമസിച്ചുവരുന്നവരാണ്. ലക്നൗവിലെ ഒരു ഗോഡൗണിൽ 606 ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
രാജ്യത്തെ ഏറ്റവും വലിയ രാസലഹരിമരുന്ന് വേട്ടകളിൽ ഒന്നാണിതെന്നും ഡൽഹി സ്പെഷൽ സെൽ കമ്മീഷണർ ധാലിവാൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ മുഖ്യകണ്ണിയെ പിടികൂടിയിരുന്നു. 4 കിലോഗ്രാം ഹെറോയിനുമായി ഒരു അഫ്ഗാൻ പൗരനെയാണ് അന്ന് പിടികൂടിയത്.
Comments