മലപ്പുറം: ഡോക്ടറേറ്റിലും മതം ചേർത്ത് കാലിക്കറ്റ് സർവ്വകലാശാല. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി( ഡി ലിറ്റ്) നൽകണമെന്ന കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് പ്രമേയം വിവാദമാകുന്നു.
ഇടതുപക്ഷ അനകൂലിയായ സിൻഡിക്കേറ്റംഗം ഇ അബ്ദുറഹിമാനാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ എതിർപ്പുമായി ഇടതുപക്ഷഅംഗങ്ങൾ തന്നെ രംഗത്തെത്തി. സംഭവം വിവാദമായതോടെ ഡിലിറ്റ് നൽകുന്നതിൽ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി. എന്നാൽ വൈസ് ചാൻസിലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇ അബ്ദുറഹിമാൻ, കാന്തപുരത്തിനും വെള്ളാപ്പള്ളിയ്ക്കും ഡിലിറ്റ് നൽകണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. വെള്ളാപ്പള്ളി നടേശനും കാന്തപുരം മുസ്ലിയാരും വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് ഇരുവരുടെയും പ്രൊഫൈലുകൾ ഡിലിറ്റ് നൽകുന്നതുമായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.
തർക്കം കടുത്തതോടെ ഡി ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ഈ പ്രമേയം നൽകാൻ സിൻഡിക്കേറ്റിൽ തീരുമാനിക്കുകയായിരുന്നു. ഡോ. വിജയരാഘവൻ,ഡോ.വിനോദ് കുമാർ,ഡോ റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും.
Comments