ന്യൂഡൽഹി:എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യയും ഔദ്യോഗിക ദു:ഖാചരണം നടത്തും. സെപ്റ്റംബർ 11-നാണ് ഇന്ത്യയിൽ ദുഃഖാചരണം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലാപദിനത്തിൽ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചിരുന്നു. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചകൾ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിയോഗത്തിൽ നിരവധി ലോക നേതാക്കളാണ് അനുശോചനമറിയിച്ചത്.
സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിലാണ് രാജ്ഞി വിടവാങ്ങിയത്. 96 വയസായിരുന്നു. അന്ത്യ സമയത്ത് കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും രാജ്ഞിയ്ക്കൊപ്പമുണ്ടായിരുന്നു.
Comments