എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തുമ്പോഴും, അവർ പ്രതിനിധാനം ചെയ്തിരുന്ന കൊളോണിയൽ പാരമ്പര്യം വലിയ തോതിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇന്നും വിധേയമാക്കപ്പെടുകയാണ്. അടിച്ചമർത്തലുകളുടെയും പ്രകൃതി വിഭവങ്ങളുടെ ചൂഷണങ്ങളുടേയും അടിമത്തത്തിൻ്റേയും ഇരുണ്ട ഒരു കാലഘട്ടത്തിൽ നിന്നും ലോകം പതിയെ സ്വാതന്ത്ര്യത്തിന്റെ പുതുയുഗത്തിലേക്ക് നീങ്ങുന്ന മാറ്റത്തിന്റെ ഇടനാഴിയിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം എന്നത് വസ്തുതയാണ്. എന്നാൽ പൂർണ്ണമായും നവീകൃതമായ ഒരു കാഴ്ചപ്പാടിലേക്ക് ബ്രിട്ടീഷ് രാജകുടുംബം നയിക്കപ്പെടുന്നത് കാണാൻ അടുത്ത ഭരണാധികാരിയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.
മോഷണത്തിലൂടെയും ചൂഷണത്തിലൂടെയും അക്രമത്തിലൂടെയും ലോകചരിത്രത്തിന്റെ ഗതി ചില കാലത്തേക്കെങ്കിലും നിയന്ത്രിച്ച കോളനിവത്കരണം എന്ന ദുർഭൂതത്തിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് സിംഹാസനത്തെ ഇന്നും പലരും നോക്കിക്കാണുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും അധികാരത്തിന് വേണ്ടി പലപ്പോഴും വംശഹത്യകൾക്ക് പോലും ഉത്തരവ് നൽകിയിരുന്ന ഒരു സംവിധാനം വ്യക്തിനിഷ്ഠമായല്ല, ആശയപരമായി വിശകലനം ചെയ്യപ്പെട്ടാൽ, ഒരു തരത്തിലും മഹത്വവത്കരിക്കപ്പെടില്ല എന്നതാണ് മിക്ക ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നത്. കരീബിയൻ രാജ്യങ്ങളിൽ മിക്കതും ഇന്നും കോളനിവാഴ്ചയുടെ ദുരിതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയിട്ടില്ല എന്ന കാര്യവും ഇവർ ഓർമ്മപ്പെടുത്തുന്നു.
വംശീയത മുഖമുദ്രയാക്കിയ ഒരു രാജവംശമായാണ്, കൊളോണിയൽ കാലഘട്ടത്തിനിപ്പുറവും ബ്രിട്ടീഷ് രാജവംശം വിലയിരുത്തപ്പെടുന്നത്. ഭൂതകാലത്തിന്റെ ഇരുണ്ട ചെയ്തികളിൽ പശ്ചാത്തപിക്കാൻ പോലും ഇപ്പോഴും അവർ തയ്യാറായിട്ടില്ല. അതേസമയം, ജാലിയൻവാലാ ബാഗ് സ്മാരക സന്ദർശന വേളയിൽ, ‘ഇത് സ്വൽപ്പം കടന്നു പോയി’ എന്ന് ആത്മഗതം ചെയ്യാൻ എലിസബത്ത് രാജ്ഞി തയ്യാറായി എന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കപ്പെടേണ്ടതാണ്.
രാജ്ഞിയുടെ ദേഹവിയോഗത്തിന് മാസങ്ങൾ മാത്രം മുൻപാണ്, ബാർബഡോസ് അവരെ രാജ്യാധിപതി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് റിപ്പബ്ലിക് ആയത്. മറ്റൊരു കരീബിയൻ രാജ്യമായ ജമൈക്കയും സമാനമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ തയ്യാറാകുകയാണ്. ഇത്തരമൊരു നീക്കത്തിന് തയ്യാറാകാതെ, ഇപ്പോഴും അടിമത്തത്തിൽ അഭിമാനം കൊള്ളുന്ന ചില മാനസികാവസ്ഥകളിൽ നിന്നാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ വലിയ വിലാപങ്ങൾ ഉണ്ടാകുന്നത് എന്നതും സമകാലിക രാഷ്‌ട്രീയ വിദ്യാർത്ഥികളുടെ നിരീക്ഷണങ്ങളാണ്.
അതേസമയം ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ കടത്തിക്കൊണ്ട് പോയ കോഹിനൂർ രത്നം മടക്കി നൽകണം എന്ന ആവശ്യത്തിനും, എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ശക്തി വർദ്ധിക്കുകയാണ്. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഗോൾകൊണ്ട ഖനിയിൽ നിന്നും കണ്ടെടുത്ത കോഹിനൂർ 1849ലാണ് ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തുന്നത്. 186 കാരറ്റ് ആണ് ഇതിന്റെ പരിശുദ്ധി.
1947ലും 1953ലും കോഹിനൂർ തിരികെ നൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർത്ഥിച്ചിരുന്നു. 2016ൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. കോഹിനൂർ രത്നം ബ്രിട്ടീഷുകാർ കൊള്ള ചെയ്തതാണ് എന്ന സുവ്യക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത് തിരികെ കൊണ്ടു വരാനുള്ള നയതന്ത്ര പരിശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്. ഈ വിഷയത്തിലും ബ്രിട്ടീഷ് രാജ്ഞിയുടെ നിലപാട് ഏറെക്കുറെ നിഷേധാത്മകമായിരുന്നു എന്നതും യാഥാർത്ഥ്യമാണ്.
Comments