കണ്ണൂർ: മുസ്ലിംങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏകപാർട്ടി സിപിഎം ആണെന്ന് എ.എൻ ഷംസീർ. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയുമാണ് രാജ്യത്ത് ഇസ്ലാം വിശ്വാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നത്. എല്ലാ സംഘടനകൾക്കും സമീപിക്കാൻ കഴിയുന്ന സർക്കാരാണ് കേരളത്തിലേതെന്നും സ്പീക്കർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മുഖ്യമന്ത്രിയേയും ഭരണ നേതൃത്വത്തെയും സിപിഎം പാർട്ടി നേതൃത്വത്തെയും ഇടനിലക്കാരില്ലാതെ തന്നെ കണ്ട് പരാതികൾ ബോധിപ്പിക്കാം. മുസ്ലിംങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎം. അതിനുദാഹരണമാണ് വഖഫ് നിയമനവുമായി ബന്ധപ്പെട്ട ബിൽ റദ്ദ് ചെയ്തതെന്നും ഷംസീർ ചൂണ്ടിക്കാണിച്ചു.
അതേസമയം, മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും കണ്ണൂർ സർവകലാശാലയിലെ ഭാര്യയുടെ നിയമന വിവാദത്തിലും എ.എൻ ഷംസീർ പ്രതികരിച്ചു. താനും സ്വരാജുമാണ് രാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ളത്. തന്നെയും കുടുംബത്തെയും വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് അദ്ദേഹം വാദിച്ചു. തങ്ങളുടെ ഭാര്യമാർ ആയി പോയതിനാൽ മാത്രം അവർക്ക് ജോലി നിഷേധിക്കപ്പെടാൻ പാടില്ല എന്നും ഷംസീർ ന്യായീകരിച്ചു.
Comments