ന്യൂഡൽഹി: പെട്രോൾ, ഡീസൽ റീട്ടേയിൽ സ്റ്റേഷനുകൾ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പനികൾ. 2024-ഓടെയാകും ഇത്തരത്തിൽ സൗരോർജ സ്‌റ്റേഷനുകൾ സജ്ജമാക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി പങ്കജ് ജെയ്ൻ വ്യക്തമാക്കി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളാകും സൗരോർജത്തിൽ പ്രവർത്തിക്കുക. ഈ കമ്പനികൾക്ക് ഇന്ത്യയിൽ75,000 ഇന്ധന സ്‌റ്റേഷനുകളുണ്ട്. നിലവിൽ 29,266 ഔട്ട്‌ലെറ്റുകളിൽ സോളാർ പാനൽ വിന്യസിച്ചിട്ടുണ്ട്. 3000 എണ്ണം ഈ സാമ്പത്തിക വർഷത്തിലാണ് പൂർത്തീകരിച്ചത്. 2024-ഓടെ മുഴുവൻ സ്‌റ്റേഷനുകളും സൗരോർജ്ജമാക്കുമെന്ന് ജെയിൻ അറിയിച്ചു.
ഏവിയേഷൻ ടർബൈൻ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള പുതിയ സംവിധാനം കൊണ്ടുവരാൻ ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ എണ്ണ വിപണന കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്ന് ജെയിൻ കൂട്ടിച്ചേർത്തു. പുതിയ വില നിർണ്ണയ നയപ്രകാരം എടിഎഫ് വിലകൾ നിർണ്ണയിക്കുന്നതിനുള്ള നിലവിലുള്ള ഇരട്ട വില നിർണ്ണയ സംവിധാനത്തിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments