തൃശൂർ: തൃശൂരിലെ പുലികളി നാളെ തന്നെ നടത്താൻ തീരുമാനം. പുലികളി മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് തൃശൂരിലെ സംഘങ്ങൾ തീരുമാനിച്ചു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് ഞായറാഴ്ച ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതോടെയാണ് പുലികളിയിൽ അനിശ്ചിതത്വം വന്നത്. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്. കലാപരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.
നാളെ പുലികളി നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ പുലികളി സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാൻ പുലികളി സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദ്ദേശിക്കുകയും ചെയ്തു. പുലികളിക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം സംഘങ്ങൾ ചെയ്ത് തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ പുലികളി മാറ്റിവച്ചാൽ ഭീമമായ നഷ്ടം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലികളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
















Comments