സുരേഷ് ഗോപി വീണ്ടും ചന്ദ്രചൂഡനാകുന്നു; സത്യമേവ ജയതേ രണ്ടാം ഭാഗം ഉടനെയെന്ന് സംവിധായകൻ വിജി തമ്പി

Published by
Janam Web Desk

2000-ത്തിൽ റിലീസായ സത്യമേവ ജയതേയുടെ രണ്ടാം ഭാഗം വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചനകൾ നൽകി സംവിധായകൻ വിജി തമ്പി.സുരേഷ് ഗോപി നായകനായെത്തിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരിൽ നിന്നും അദ്ദേഹം അഭിപ്രായങ്ങൾ തേടിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി സിനിമ പ്രേമികളാണ് ചന്ദ്രചൂഢന്റെ രണ്ടാം വരവിനെ സ്വീകരിച്ചത്.

മികച്ച പ്രതികരണങ്ങളാണ് രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘നീണ്ട 22 വർഷം കഴിഞ്ഞെങ്കിലും ചന്ദ്രചൂഡൻ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നറിഞ്ഞതിൽ സംവിധായകനെന്ന നിലയിൽ ഏറെ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയ നിമിഷം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ആദ്യ ഭാഗത്തിന്റെ തിരക്കഥ എഴുതിയ അലക്‌സ് കടവിലും ജിഎ ലാലും ജീവിച്ചിരിപ്പില്ല. എങ്കിലും രണ്ടാം ഭാഗത്തിന് അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് സംവിധായകൻ. തിരക്കഥയിൽ പൂർണ്ണ വിശ്വാസം വന്നശേഷമേ ക്യാമറ ചലിപ്പിക്കുവെന്ന് വിജി തമ്പി ചന്ദ്രചൂഡന്റെ ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മികച്ച തിരക്കഥയാകണമെന്ന് നിരവധി പേർ കമന്റ് ചെയ്തതിന് പിന്നാലെയാണ് മറുപടി. പ്രേക്ഷകർ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Share
Leave a Comment