ഇറ്റാനഗർ: അന്തരിച്ച ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരം നൽകി ഇന്ത്യൻ ആർമി. അദ്ദേഹത്തോടുള്ള ആദര സൂചകമായി അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയ്‌ക്ക് കീഴിലുള്ള കിബിത്തു സൈനിക പാളയത്തിന് ‘ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം’ എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യൻ ആർമിയുടെ ഒരു പ്രധാന സൈനിക പാളയമാണ് കിബിത്തു. അരുണാചൽ പ്രദേശ് സർക്കാരിന്റെ ആഭിമുഖ്യത്തിലാണ് കിബിത്തു സൈനിക പാളയത്തിന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്.
സംസ്ഥാന ഗവർണർ ബ്രിഗേഡിയർ ബി.ഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിത എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ, പ്രാദേശിക പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച വലിയ ഗേറ്റും ജനറൽ ബിപിൻ റാവത്തിന്റെ ചുവർചിത്രവും അനാച്ഛാദനം ചെയ്തു. മിലിറ്ററി ഗാരിസണിനൊപ്പം വാലോങ് മുതൽ കിബിത്തു വരെയുള്ള 22 കിലോമീറ്റർ റോഡിനും ജനറൽ റാവത്തിന്റെ പേര് നൽകി.
ഇന്ത്യയുടെ കിഴക്കൻ ഭാഗത്തെ ലോഹിത് താഴ്‌വരയുടെ തീരത്തുള്ള ഒരു ചെറിയ കുഗ്രാമമാണ് കിബിത്തു. എൽഎസിയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സൈനിക പാളയമാണ് കിബിത്തു. രാജ്യത്തിന്റെ തന്നെ പ്രധാന സൈനിക പാളയങ്ങളിലൊന്നായ കിബിത്തുവിന്റെ നാമം ‘ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം’ എന്ന് നൽകിയത് കിഴക്കൻ ഭാഗങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ്.
















Comments