റായ്പൂർ: രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് റായ്പൂരിൽ തുടക്കം കുറിച്ചു. പൂജനീയ സർസംഘ ചാലക് ഡോ. മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ചേർന്ന് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സെപ്തംബർ 12-ന് സമാപിക്കുന്ന യോഗത്തിൽ സർസംഘചാലക് മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ, അഞ്ച് സഹ സർകാര്യവാഹ്, എന്നിവരെ കൂടാതെ കൃഷ്ണ ഗോപാൽ, മൻമോഹൻ വൈദ്യ, അരുൺ കുമാർ, മുകുന്ദ, രാംദത്ത് ചക്രധർ എന്നിവരും സംഘടനയുടെ മറ്റ് ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.
രാഷ്‌ട്രീയ സ്വയംസേവക് സംഘവുമായി ബന്ധമുള്ള 36 സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭാരതി, അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, സാക്ഷം, വനവാസി കല്യാൺ ആശ്രമം, സേവാഭാരതി, വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്ര സേവിക സമിതി, ഭാരതീയ ജനതാ പാർട്ടി, അഖില ഭാരതീയ മസ്ദൂർ സംഘ്, അഖിൽ ഭാരതീയ കിസാൻ തുടങ്ങിയ സംഘടനകൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാ സംഘടനകളിലും പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുമായി സംഘം വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുന്നുവെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു.
അഖില ഭാരതീയ സമന്വയ ബൈഠക്കിൽ അതത് സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടും. പരിസ്ഥിതി, കുടുംബ അവബോധം, സാമൂഹിക ഐക്യം തുടങ്ങിയ വിഷയങ്ങളിൽ വേണ്ടുന്ന യോജിച്ച ശ്രമങ്ങളെപ്പറ്റിയും യോഗത്തിൽ ചർച്ച നടത്തുമെന്ന് അംബേക്കർ പറഞ്ഞു. കൂടാതെ, ഗോസേവ, പരിസ്ഥിതി, വിദ്യാഭ്യാസം, പ്രത്യയശാസ്ത്ര മേഖല, സാമ്പത്തിക ലോകം, സാമൂഹിക പ്രവർത്തനം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങലും യോഗത്തിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments