കാബൂൾ: പരിശീലത്തിനിടെ ഹെലികോപ്റ്റർ തകർന്ന് താലിബാൻ ഉദ്യോഗസ്ഥർക്ക് മരണം. അമേരിക്കൻ നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് പരീശീലനത്തിനിടെ തകർന്നത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലാണ് താലിബാൻ ഉദ്യോഗസ്ഥർ പരിശീലനം നടത്തിയത്. അപകടത്തിൽ മൂന്ന് താലിബാൻ ഉദ്യോഗസ്ഥർ മരണപ്പെട്ടു.
അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയമാണ് അപകടം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചത്. പരിശീലനത്തിനായി പറന്ന അമേരിക്കൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ തകർന്നു വീഴുകയായിരുന്നുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി പറഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.
ഒരു വർഷം മുമ്പ് അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ താലിബാൻ ചില യുഎസ് നിർമ്മിത വിമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. നിലവിൽ എത്ര എണ്ണം പ്രവർത്തനക്ഷമമാണെന്ന് വ്യക്തമല്ല. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയ വേളയിൽ ചില സൈനിക വിമാനങ്ങളുടെ ഹാർഡ്‌വെയറുകൾ ബോധപൂർവം കേടുവരുത്തിയിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യുഎസ് യുദ്ധ വിമാനങ്ങളും മറ്റ് വാഹനങ്ങളും താലിബാൻ കൈയ്യടക്കുകയും ഉപയോഗിക്കുകയുമായിരുന്നു.
















Comments