ശ്രീനഗർ: മൂന്ന് വർഷം മുമ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് ജനാധിപത്യപരമായും ഭരണഘടനാപരമായും രാഷ്‌ട്രീയപരമായും തന്റെ പാർട്ടി പോരാട്ടം തുടരുമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള. 2019 ഓഗസ്റ്റ് 5-ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയ എൻസിക്ക് ഇക്കാര്യത്തിൽ ശക്തമായ വാദമുണ്ടെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി റോഡിലിറങ്ങുകയോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ നിയമം കൈയിലെടുക്കുകയോ തങ്ങൾ ചെയ്യില്ല. ജനാധിപത്യപരമായും ഭരണഘടനാപരമായും രാഷ്‌ട്രീയപരമായും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പോരാട്ടം തുടരുമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് പറയുന്നു. ആർട്ടിക്കിൾ 370 ഉപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല എന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിയെ വിശ്വാസമുണ്ടെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.
തങ്ങൾ ഉന്നയിക്കുന്ന വാദം ശക്തമാണ്. ആ വാദം കേൾക്കാൻ കോടതി തയ്യാറാകണം. ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വേഗത്തിൽ നടപടിയെടുക്കാത്തത് നാഷണൽ കോൺഫറൻസ് പാർട്ടി ഉന്നയിക്കുന്നതിൽ സത്യമുള്ളതു കൊണ്ടാണെന്ന് ഒമർ അബ്ദുള്ള അവകാശപ്പെടുന്നു. ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സർക്കാർ എടുത്തുകളഞ്ഞതിനാൽ മറ്റൊരു സർക്കാർ വന്നാലും ആ പദവി തിരികെ കൊണ്ടുവരുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എൻസി വൈസ് പ്രസിഡന്റ് പറയുന്നു. എന്തെന്നാൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ എൻസിയുടെ നിലപാടിനെ വളരെ കുറച്ച് പാർട്ടികൾ മാത്രമാണ് പിന്തുണച്ചത്.
















Comments