തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം , ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ന്യൂനമർദ്ദം നിലവിൽ പടഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര- ഒഡീഷ തീരത്തിന് അകലെയായാണ് സ്ഥിതിചെയ്യുന്നത്. മൺസൂൺ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
11-09-2022: എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
12-09-2022: കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Comments