തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്‌ട്രീയമായതിനാൽ സ്വാഭാവികമായും രാഷ്‌ട്രീയ വിമർശനങ്ങൾ ഉയരുമെന്നും അതിൽ കോൺഗ്രസ് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിൽ പത്ത് ദിവസത്തോളം യാത്ര ഉണ്ടാകും. ഈ ദിവസങ്ങളിൽ പിണറായി വിജയൻ സർക്കാരിനെതിരെ ക്രിയാത്മകമായ എന്തെങ്കിലും വിമർശനം രാഹുൽ ഗാന്ധി ഉന്നയിക്കുമോ എന്നറിയാനാണ് കാത്തിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള എംപിയാണ് രാഹുൽ ഗാന്ധി. നിലവിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി കള്ളക്കടത്ത് ആരോപണങ്ങൾ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്നും സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രാഹുലിന്റെ അഭിപ്രായമെന്താണെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
രാഹുലിന്റെ മണ്ഡലമായ വയനാടിനെ റെയിൽവേ ഭൂപടത്തിൽ ബന്ധിപ്പിക്കുന്ന ഷൊർണൂർ നിലമ്പൂർ നഞ്ചങ്കോട് പാത അട്ടിമറിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ അദ്ദേഹം എന്തെങ്കിലും സംസാരിക്കുമോ എന്നും സന്ദീപ് ചോദ്യം ഉന്നയിക്കുന്നു. എന്തു തന്നെയായാലും കേരളത്തിലൂടെ നടന്നു പോകുന്ന സ്ഥിതിക്ക് ഫ്രീ ആയി ഒരുപദേശം തന്നേക്കാം. തെരുവ് നായ്ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക. ഇവിടെ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ് ആണെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
Comments