ഡെറാഡൂൺ: സംസ്ഥാനത്തുടനീളമുള്ള ഉത്തരാഖണ്ഡ് വഖഫ് ബോർഡിന്റെ സ്വത്തുക്കളിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കുമെന്ന് പുതിയ വഖഫ് ബോർഡ് പ്രസിഡന്റ് ഷദാബ് ഷംസ്. സെപ്റ്റംബർ 7-ന് 10 അംഗ ബോർഡിന്റെ പ്രസിഡന്റായി ഷംസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിലുടനീളം 1.5 ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഷംസ് പറയുന്നു. ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള വഖഫ് ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ ബുൾഡോസർ വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ സെപ്റ്റംബർ 15-ന് ചേരുന്ന യോഗത്തിൽ ബോർഡ് നിർദ്ദേശം സമർപ്പിക്കും. ആയിരക്കണക്കിന് ഏക്കർ വഖഫ് ഭൂമിയാണ് പലരും അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നത്. സ്വത്തുക്കൾ മാഫിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. അനധികൃത താമസക്കാർക്ക് നോട്ടീസ് നൽകുന്നുണ്ടെന്നും അടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും നടപടികൾ ആരംഭിക്കുമെന്നും ഷദാബ് ഷംസ് പറഞ്ഞു.
ഡെറാഡൂണിലെ പ്രേം നഗറിൽ നിന്നാണ് ആദ്യം നടപടി ആരംഭിക്കുക. അവിടെ 14 ബിഗാസ് വഖഫ് ഭൂമി അലിഗഡിൽ നിന്നുള്ള മുസ്ലീങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. അവർ വർഷങ്ങൾക്ക് മുമ്പ് സെലാഖി ഏരിയയിലെ ഫാക്ടറികളിൽ ജോലിചെയ്യാൻ വന്നവരാണെന്നും പിന്നീട് ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്നും ഷദാബ് ഷംസ് വ്യക്തമാക്കി. അവർ ആരാണെന്ന് ആർക്കറിയാമെന്നും യാതൊരു വിവരവും ഇല്ലാത്തവരെ ഉൾക്കൊള്ളാൻ ഉത്തരാഖണ്ഡ് ഒരു ധർമ്മശാലയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസകളിലും കാര്യമായ മാറ്റം വരുത്തും. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മാതൃക പിന്തുടരണമെന്നും രാജ്യത്തെ മുസ്ലീങ്ങൾ മതഭ്രാന്തന്മാരേക്കാൾ പുരോഗമന ദേശീയവാദികളാകണമെന്നും ഷദാബ് ഷംസ് പറഞ്ഞു.
















Comments