ആലപ്പുഴ: ആറന്മുള ഉതൃട്ടാതി ജലമേളയിൽ ജേതാക്കളായി മല്ലപ്പുഴശ്ശേരി പള്ളിയോടം. കുറിയന്നൂർ പളളിയോടം രണ്ടാം സ്ഥാനം സ്വന്തമാക്കി. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംഘടിപ്പിച്ച വള്ളംകളി കാണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
എ,ബി ബാച്ചുകളിലായായിരുന്നു വള്ളം കളി. എ ബാച്ചിൽ 9 ഹീറ്റ്‌സ് മത്സരങ്ങളും, ബി ബാച്ചിൽ നാല് ഹീറ്റ്‌സ് മത്സരങ്ങളുമാണ് നടന്നത്. ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ മല്ലപുഴശ്ശേരിയും, ബി ബാച്ചിൽ ഇടപ്പാവൂരും മന്നം ട്രോഫി കരസ്തമാക്കി. ഇരു ബാച്ചുകളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച പള്ളിയോടങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ഫൈനൽസ്. ചിറയിറമ്പാണ് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.
ആകെ 49 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. വഞ്ചിപ്പാട്ട്, തുഴച്ചിൽ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വള്ളം കളിയിൽ വിജയിയെ കണ്ടെത്തിയത്. മികച്ച ചമയത്തിന് ഉള്ള ആർ ശങ്കർ ട്രോഫി വന്മഴി പള്ളിയോടം നേടി. എ ബാച്ചിൽ കുറിയന്നൂർ രണ്ടാം സ്ഥാനവും ചിറയിറമ്പ് മൂന്നാം സ്ഥാനവും, ളാഹ ഇടയാറമുള നാലാം സ്ഥാനവും നേടി. ബി ബാച്ചിൽ പുല്ലുപുറവും, വന്മഴിയും രണ്ടും മൂന്നും സ്ഥാനം നേടി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയിൽ ആണ് ഓരോ വിജയിയും ട്രോഫി ഏറ്റുവാങ്ങിയത്.
കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഉതൃട്ടാതി ജലമേള സംഘടിപ്പിച്ചിരുന്നില്ല. രണ്ടു വർഷത്തെ കാത്തിരിപ്പിനു ഒടുവിൽ ആണ് ആറന്മുളയിൽ ആവേശ തുഴ എറിഞ്ഞത്. രോഗവ്യാപന ഭീതി ഒഴിഞ്ഞതിന് ശേഷമുള്ള ജലമേളയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കുറിയും ആയിരങ്ങൾ ആണ് ജലമേള കാണാൻ ആറന്മുളയിൽ എത്തിയിരുന്നത്. ആറന്മുളയുടെ പൈതൃകം വിളിച്ചോതിയ ജല ഘോഷയാത്രയോടെ ആയിരുന്നു വള്ളം കളിയ്‌ക്ക് തുടക്കമായത്. മുൻ മിസോറാം ഗവർണർ കുമ്മനം രാജ ശേഖരൻ വള്ളം കളി ഫ്‌ളാഗ് ഓഫ് ചെയ്തു.
















Comments