ന്യൂഡൽഹി: അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങൾ അവഗണിച്ച് റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ രീതിയിൽ തങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ ഇത് അവഗണിച്ച് മുൻപോട്ടു പോകുകയായിരുന്നു. ഈ രീതിയിൽ ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ആവശ്യം.
2019 ൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത്. ഉപരോധം ഏകപക്ഷീയമായിരുന്നുവെന്നും യുഎൻ ആഹ്വാനപ്രകാരമല്ലായിരുന്നുവെന്നുമാണ് ഇറാന്റെ വാദം. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിക്കുമെന്നാണ് സൂചനകൾ.
ഉസ്‌ബെക്കിസ്ഥാനിലെ സമാർഖണ്ഡിലാണ് ഈ മാസം 15 നും 16 നും ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ഷെഗേനി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചൈനയ്‌ക്ക് ശേഷം ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതിയിൽ രണ്ടാമത് നിൽക്കുന്ന രാജ്യമായിരുന്നു ഇന്ത്യ.
അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിലക്ക് വകവെക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനുളള തീരുമാനത്തിന് ശേഷം റഷ്യൻ എണ്ണയുടെ ഇറക്കുമതി അൻപത് മടങ്ങ് വർദ്ധിച്ചതായിട്ടാണ് വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിന് ശേഷമുളള കണക്കുകളാണിത്. നിലവിൽ ഇന്ത്യ ഏറ്റവും അധികം എണ്ണ വാങ്ങുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് റഷ്യ.
















Comments