മുംബൈ: സമീപകാലത്ത് പറയത്തക്ക വിജയങ്ങൾ അന്യമായിരുന്ന ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുതുജീവൻ നൽകി അയൻ മുഖർജി- രൺബീർ കപൂർ ടീമിന്റെ ‘ബ്രഹ്മാസ്ത്ര‘ ചരിത്ര വിജയത്തിലേക്ക്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 120 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്‌ട്ര വിനോദ രംഗത്തും ചിത്രം തരംഗമായി മാറുന്നതായാണ് വിവരം.
ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും അമേരിക്കയിലും മികച്ച തുടക്കമാണ് ബ്രഹ്മാസ്ത്രയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തിൽ ആഗോള ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ് ചിത്രം എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷൻ 212 കോടി രൂപയാണെന്ന് അമേരിക്കൻ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഏജൻസികൾ വ്യക്തമാക്കുന്നു. ബോളിവുഡ് ചിത്രം സുൽത്താന്റെ 206 കോടി എന്ന റെക്കോർഡാണ് ‘ബ്രഹ്മാസ്ത്ര‘ തകർത്തത്. എന്നാൽ രാജമൗലി ചിത്രം ആർ ആർ ആറിന്റെ റെക്കോർഡ് മറികടക്കാൻ ബ്രഹ്മാസ്ത്രയ്‌ക്ക് സാധിച്ചിട്ടില്ല.
രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ബ്രഹ്മാസ്ത്രയിൽ അമിതാഭ് ബച്ചൻ, നാഗാർജുന, ഷാരൂഖ് ഖാൻ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. ‘ബ്രഹ്മാസ്ത്ര: പാർട്ട് 1- ശിവ‘ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം, ഫാന്റസി ആക്ഷൻ- അഡ്വെഞ്ചർ വിഭാഗത്തിൽ പെടുന്നതാണ്. ആസ്ട്രാവേഴ്സ് എന്ന പേരിൽ ഒരുങ്ങുന്ന മൂന്ന് ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ഭാഗമാണ് ‘ബ്രഹ്മാസ്ത്ര: പാർട്ട് 1- ശിവ‘.
















Comments